തൊടുപുഴ: മഴക്കാലത്ത് ഭക്ഷ്യ-ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. പഴകിയ ഭക്ഷണ പദാര്‍ഥങ്ങളിലൂടെയോ മലിനമായ ജലത്തിലൂടെയോ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലയില്‍ വ്യാപക പരിശോധന നടത്തി വരുന്നത്. കുട്ടികളില്‍ ഉള്‍പ്പെടെ ഷിഗല്ല രോഗം പിടിപെട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ഷിഗല്ല സ്ക്വാഡ് എന്ന പേരിലും സംഘം രൂപീകരിച്ച് പരിശോധന നടത്തി വരുന്നുണ്ട്. ഭക്ഷണശാലകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളും മറ്റും കൂടുതലായി ആശ്രയിക്കുന്ന ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ പലതും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതിയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രത്യേകം നിരീക്ഷണം നടത്തും.
ഓപ്പറേഷന് മണ്‍സൂണിന്റെ ഭാഗമായി ഹോട്ടലുകള്‍, തട്ടുകടകള്‍, ഭക്ഷ്യ നിര്‍മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യപദാര്‍ഥങ്ങള്‍, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. കഴിഞ്ഞ ദിവസം പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പില്‍ തലക്കറി കഴിച്ച് ഒരാള്‍ മരിക്കുകയും ഏതാനും പേര് ചികിത്സ തേടുകയും ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് കള്ളുഷാപ്പുകളില്‍ പരിശോധന ശക്തമാക്കിയത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ തയാറാക്കുന്ന കള്ളുഷാപ്പുകള്ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. എക്സൈസ് വകുപ്പുമായി ചേര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കള്ളുഷാപ്പുകളില്‍ പരിശോധന നടത്തുന്നത്.
സംസ്ഥാനത്ത് ഷിഗല്ല വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭക്ഷ്യസംരംഭങ്ങളിലും പരിശോധനകള്‍ തുടര്‍ന്നു വരികയാണ്. പരിശോധനകള്‍ക്കൊപ്പം സാമ്പിള്‍ ശേഖരണവും നടത്തും. സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ പാചകപ്പുരകള്‍, വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, മറ്റ് സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഭക്ഷണ നിര്‍മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സാമഗ്രികളുടെയും കുടിവെള്ളത്തിന്റെയും സുരക്ഷിതത്വം, ജീവനക്കാരുടെ വ്യക്തിശുചിത്വവും മെഡിക്കല്‍ ഫിറ്റ്നസും പ്രത്യേകമായി പരിശോധിക്കും. സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്കായി അടുത്ത ദിവസം പ്രത്യേക ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. മത്സ്യത്തിന്റെ മൊത്ത-ചില്ലറ വില്‍പ്പനശാലകളിലും പരിശോധന നടത്തി മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. മത്സ്യം സൂക്ഷിക്കാനും കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഐസിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയയ്ക്കും.
പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ നിര്‍മാണ യൂണിറ്റുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയയ്ക്കും. ഷിഗല്ല ഉള്‍പ്പെടെയുള്ള രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കും. ആളുകള്‍ കൂടുതലായി ആശ്രയിക്കുന്ന തട്ടുകടകള്‍, ഹോട്ടലുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ഓരോ സര്‍ക്കിള്‍ പരിധിയിലും പ്രത്യേക സ്ക്വാഡുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
Tags : nattuvishesham district news