മോജിത്ത്
അമ്പലപ്പുഴ: യുവാവിനെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലിസ് പിടികൂടി. തകഴി പഞ്ചായത്ത് കുറുങ്ങാട് ലക്ഷം വീട് ഉന്നതിയിൽ മോജിത്ത് മോഹന(40)നെയാണ് അതിസാഹസികമായി അമ്പലപ്പുഴ പൊലിസ് ഇൻസ്പെക്ടർ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. മുൻ വൈരാഗ്യത്തിന്റെ പേരിൽ പ്രതിയുടെ അയൽവാസിയായ രതീഷി(45)നെ വീട്ടിൽക്കയറി കത്തിക്ക് തലയ്ക്ക് കുത്തിയും കൈയിലും ഷോൾഡറിലും വെട്ടിയും മാറിടങ്ങളിൽ ബ്ലേഡ് കൊണ്ട് അക്രമിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു.
രതീഷിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി രക്ഷപെട്ടിരുന്നു. നാട്ടുകാരുടെ സഹായത്തോടെ രതീഷിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് അമ്പലപ്പുഴ പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പ്രതിയെക്കുറിച്ച് രഹസ്യവിവരം കിട്ടിയ പൊലിസ്, പുലിമുഖം ഫെറിയുടെ സമീപത്തുനിന്ന് വെള്ളത്തിൽ ചാടി രക്ഷപെടാൻ നിന്ന മോജിത്തിനെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
നിരവധി അടിപിടി കേസുകളിലെ പ്രതിയാണ് മോജിത്ത് എന്ന് പൊലിസ് പറഞ്ഞു.
Tags : NattuVishesham DistrictNews