എരുമേലി ടൗൺ വാർഡിൽ മണിപ്പുഴ ചെമ്പകപ്പാറ ഭാഗത്ത് പ്രവർത്തനം ഇല്ലാതെ വൃദ്ധസദനം.
എരുമേലി: സർക്കാർ അനുമതിയില്ലാതെ 14 വർഷം മുൻപ് എരുമേലി പഞ്ചായത്ത് നിർമിച്ച വൃദ്ധസദനം നോക്കുകുത്തിയാകുന്നു.
രണ്ട് ഉദ്ഘാടനം നടത്തിയിട്ടും നാളിതുവരെയായി വൃദ്ധസദനം പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. എരുമേലി ടൗൺ വാർഡിൽ മണിപ്പുഴ ചെമ്പകപ്പാറ ഭാഗത്ത് വനിതാ ഷീ ഹോസ്റ്റലിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
2012-ൽ ലോക ബാങ്ക് അനുവദിച്ച ഫണ്ടും പഞ്ചായത്ത് ഫണ്ടും ചേർത്ത് 1.5 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പഞ്ചായത്തിന് വൃദ്ധസദനം ആരംഭിക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേക അനുമതി വേണം. മാത്രമല്ല, വയോധികർക്ക് ഭക്ഷണം, വെള്ളം, ചികിത്സ, മരുന്ന്, വൈദ്യുതി, ജീവനക്കാർക്കുള്ള ശമ്പളം, വാഹന സൗകര്യം അടക്കം ഭാരിച്ച സാമ്പത്തിക ബാധ്യതയും ചുമലിലാകും.
പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നിർമിച്ചിരിക്കുന്ന രണ്ട് കെട്ടിടങ്ങളിൽ അടുക്കളയും ശുചിമുറികളും ഡൈനിംഗ് ഹാളും പ്രാർഥനാമുറിയും ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ട്. പഞ്ചായത്തിന് പ്രവർത്തിപ്പിക്കാൻ കഴിയില്ലെങ്കിൽ കെട്ടിടം സർക്കാരിന് വിട്ടുനൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എരുമേലി പഞ്ചായത്തിലെ വയോധികർക്ക് മുൻഗണന നൽകുമെന്ന വ്യവസ്ഥയോടെ സാമൂഹ്യനീതി വകുപ്പിന് കെട്ടിടം കൈമാറിയാൽ പഞ്ചായത്തിന് സാമ്പത്തിക ചെലവ് ഒഴിവാക്കാമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.
Tags : NattuVishesham DistrictNews