വടക്കാഞ്ചേരി പടിഞ്ഞാറ്റുമുറിയിൽ ആഫ്രിക്കൻ ഒച്ചുകൾ.
വടക്കാഞ്ചേരി: ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിൽ ഒരു ഗ്രാമം ദുരിതത്തിൽ. ഇരട്ടക്കുളങ്ങര ഡിവിഷൻ പടിഞ്ഞാറ്റുമുറി, ഞാറക്കുളങ്ങര എന്നീ പ്രദേശങ്ങളിലാണ് കൂട്ടമായെത്തുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായത്. വൈകുന്നേരമായാൽ റോഡുകളിലും മതിലുകളിലും വീടിന്റെ ഭിത്തികളിലും വൃക്ഷങ്ങളിലും ടെറസിനുമുകളിലും ശുചി മുറികളിലും കൂട്ടം കൂട്ടമായിട്ടാണ് ഒച്ചുകൾ എത്തുന്നത്.
ചെറുതും വലുതുമായി നൂറുകണക്കിന് ഒച്ചുകളാണ് ഓരോവീടുകളിലും അരിച്ചെത്തുന്നത്. രാവിലെയും വൈകീട്ടും ഇവയെ ഉപ്പുലായനി തെളിച്ച് നശിപ്പിക്കുക എന്നതാണ് ഓരോ വീട്ടുകാരുടെയും ഇപ്പോഴത്തെ പ്രധാന ജോലി.
വാഹനം കയറിയും മറ്റും ചത്തുകിടക്കുന്ന ഒച്ചുകളുടെ വെള്ളവും മഴവെള്ളവുംചേർന്നുകിടക്കുന്ന റോഡുകളിൽ നടക്കുന്നതുകൊണ്ട് പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും വരുന്നതായി പറയുന്നു. ഏകദേശം 200ൽപരം കുടുംബങ്ങളാണ് ഒച്ചിന്റെ ശല്യത്തിൽ ദുരിതമനുഭവിക്കുന്നത്.
എത്രയുംപെട്ടെന്ന് ഇതിനൊരു ശാശ്വത പരിഹാരം കണ്ടുപിടിച്ചാൽ മാത്രമേ പ്രദേശവാസികൾക്ക് സുരക്ഷിതരാകാൻ സാധിക്കുകയുള്ളൂ. കുട്ടികളെ വീടിന് പുറത്തിറക്കാൻപോലും ഭയമാണെന്ന് നാട്ടുകാർ പറയുന്നു. വടക്കാഞ്ചേരി നഗരസഭയിൽനിന്ന് ഇതിനകം രണ്ടുതവണ മരുന്ന് തെളിച്ചെങ്കിലും ഇവ പെറ്റുപെരുകി വ്യാപിക്കുന്നത് തടയാൻ മരുന്നുപ്രയോഗത്തിലൂടെ മാത്രം കഴിയില്ലെന്നും മറ്റെന്തെങ്കിലും പോംവഴി കണ്ടെത്തണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews African Snail