മന്ത്രി റോജി എം. ജോൺ
കൊച്ചി: എറണാകുളം ജില്ലയില്‍ വന്‍ വികസന മുന്നേറ്റമാണ് യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് വിജയിച്ച എംഎല്‍എമാര്‍ക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലയിലെ മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ച ജനങ്ങളെ നിരാശപ്പെടുത്തില്ലെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ താന്‍ ഉറപ്പു നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. എക്കാലത്തും യുഡിഎഫിനോട് ഒപ്പം നിന്നിട്ടുള്ള ജില്ലയാണ് എറണാകുളം. കഴിഞ്ഞ പത്തു വര്‍ഷക്കാലം സമാനതകളില്ലാത്ത വികസന മുരടിപ്പാണ് ജില്ലയ്ക്ക് ഉണ്ടായിട്ടുള്ളത്. ഇനി വരുന്നത് ജില്ലയുടെ സുവര്‍ണ കാലമാണെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അധ്യക്ഷത വഹിച്ചു. മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍, എംഎല്‍എമാരായ വി.പി. സജീന്ദ്രന്, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, മനോജ് മൂത്തേടന് എന്നിവര്‍ പ്രസംഗിച്ചു.
Tags : developmental strides NattuVishasham DistrictNews