സ്കൂൾ ഗെയ്റ്റിനുമുന്നിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ്.
ഷൊർണൂർ: തെരുവുനായ്ക്കൾ കലിതുള്ളുന്നു. മറ്റു വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല. മനുഷ്യരെ വ്യാപകമായി ആക്രമിക്കുന്ന തെരുവുനായ്ക്കൾ ഇപ്പോൾ പശു, ആട്, കോഴി തുടങ്ങിയവയേയും മറ്റ് വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്.
ഓരോ പ്രദേശങ്ങളിലും ഡസൻ കണക്കിനു തെരുവുനായ്ക്കളാണ് പൊതുനിരത്തുകളിൽ അലഞ്ഞുതിരിയുന്നത്.
ഹോട്ടലുകളിൽനിന്നും അറവുശാലകളിൽനിന്നും മറ്റും ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് അപകട ഭീഷണിയുയർത്തി നിരത്തുകൾ കൈയടക്കിയിരിക്കുന്ന തെരുവുനായ്ക്കളുടെ ശല്യവും ഭീഷണിയും ദിനംപ്രതി കൂടിവരുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസമാണ് വരോട് തെരുവുനായ്ക്കൾ പശുക്കുട്ടിയെ കടിച്ചുകൊന്നത്.
അമ്മപ്പശുവിനും ഗുരുതരമായി കടിയേറ്റിരുന്നു. മുമ്പും ഇവിടെ ഒരു പശുക്കുട്ടിയെ തെരുവനായ കടിച്ചുകൊന്നിരുന്നു. വരോട് തന്നെ ദിവസങ്ങൾക്കു മുമ്പാണ് തെരുവുനായ്ക്കൾ കൂട് തകർത്തു ആട്ടിൻകുട്ടികളെ കടിച്ചുകൊന്നത്.
കഴിഞ്ഞദിവസം ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന മധ്യവയസ്കൻ തെരുവുനായ കുറുകെ ചാടി അപകടത്തിൽപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അനങ്ങനടി പത്തംകുളത്ത് കോഴിഫാമിൽ തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. ഇരുനൂറോളം കോഴികളെയാണ് ഇവിടെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.
പത്തംകുളം സ്രാമ്പിക്കൽ പ്രദീപിന്റെ ഫാമിലെ 29 ദിവസം പ്രായമായ ഇറച്ചിക്കോഴികളാണ് തെരുവുനായകൾക്കിരയായത്.
മുമ്പ് 900 കോഴികളെ ഇവിടെ തെരുവുനായ്ക്കൾ കൊന്നിരുന്നു. പിന്നീട് കൂടിനു സമീപം സൗരോർജവേലി സ്ഥാപിച്ചിരുന്നു. എന്നാൽ ഇതും ചാടിയാണ് തെരുവുനായ്ക്കൾ ഇപ്പോൾ കോഴികളെ കടിച്ചു കൊന്നത്.
ആശ്വാസംതേടി പൊതുജനം
പാലക്കാട്: മനുഷ്യരെ ആക്രമിക്കുന്നതും പേവിഷബാധ സ്ഥിരീകരിച്ചതുമായ തെരുവുനായ്ക്കളെ കൊല്ലാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അനുമതി നൽകുമെന്ന സംസ്ഥാനസർക്കാർ തീരുമാനത്തെ സ്വാഗതംചെയ്ത് പൊതുജനങ്ങൾ.
സുപ്രീംകോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശം തെരുവുനായ ആക്രമണം രൂക്ഷമായ ജില്ലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
പാലക്കാട് നഗരസഭ, ഒറ്റപ്പാലം, പട്ടാന്പി, ചിറ്റൂർ, ആലത്തൂർ തുടങ്ങി ജില്ലയിലെ വിവിധ മേഖലകളിൽ സമീപകാലത്ത് തെരുവുനായ ആക്രമണങ്ങൾ വർധിച്ചതോടെ വിദ്യാർഥികൾ, വയോധികർ, കാൽനടയാത്രക്കാർ, ഇരുചക്ര വാഹനയാത്രികർ എന്നിവരുൾപ്പെടെ ഭീതിയിലായിരുന്നു. വിദ്യാലയങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ജനത്തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതികളും വ്യാപകമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 15 ലക്ഷത്തിലധികം പേർക്ക് തെരുവുനായകളുടെ കടിയേറ്റതായും 122 പേർ പേവിഷബാധ മൂലം മരിച്ചതായുമാണ് സർക്കാർ കണക്ക്. ജില്ലയിൽ ഈനിരക്ക് ഇതിലും ഉയർന്ന തോതിലാണ്.
തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി വന്ധീകരണവും പേവിഷ പ്രതിരോധ വാക്സിനേഷനും കൂടുതൽ വ്യാപകമാക്കണമെന്നും പൊതുജനം ആവശ്യപ്പെടുന്നു. തെരുവുനായ ശല്യം രൂക്ഷമായ മേഖലകളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കണമെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് വെറ്ററിനറി വിഭാഗത്തിന്റെ സഹായത്തോടെ അപകടകാരികളായ നായകളെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
വടവന്നൂരിലും പരിസരത്തും തെരുവുനായ്ക്കളുടെ വിളയാട്ടം
വടവന്നൂർ: പൊക്കുന്നി റോഡിലും വീടുകൾക്കുമുന്നിലും തെരുവുനായ്ക്കളുടെ വിളയാട്ടം, നാട്ടുകാർ ഭയപ്പാടിൽ. മദ്രസയിലേക്കും സ്കൂളുകളിലേക്കും പോകുന്ന കുട്ടികൾക്കു നടന്നുപോകാൻപോലും കഴിയാത്ത വിധയാണ് തെരുവുനായ്ക്കൾ പരിസരത്തൊട്ടാകെ വിലസുന്നത്. പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ നേരിട്ടെത്തിക്കുന്നതും പതിവായിട്ടുണ്ട്.
വടവന്നൂർ, പൊക്കുന്നി, കൊശവങ്കോട്, പഞ്ചായത്ത് ഓഫീസ്, ഹയർ സെക്കൻഡറി സ്കൂൾ, പൊക്കുന്നി യുപി സ്കൂൾ. തങ്കയം ജിഎംഎൽപി സ്കൂൾ, പൊക്കുന്നി ശിവക്ഷേത്രം, പുതുക്കുളങ്ങര ക്ഷേത്രം, കരിപ്പാലി ജുമാ മസ്ജിദ് എന്നിവയുടെ പരിസരങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം കൂടിവരികയാണ്. വാഹനങ്ങളെ പിന്തുടർന്ന് ആക്രമിക്കുന്ന നായ്ക്കളുണ്ട്.
പരിഹാരമില്ല; പാലക്കാട് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
പാലക്കാട്: നഗരത്തിൽ വർധിച്ചുവരുന്ന തെരുവുനായശല്യത്തിന് ശാശ്വതപരിഹാരം കാണാത്ത നഗരസഭയുടെ നിഷേധാത്മക നിലപാടിനെതിരേ പാലക്കാട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി നഗരസഭാ സെക്രട്ടറി പി.ജെ. ജസീദയെ ഉപരോധിച്ചു. പ്രതീകാത്മമായി നായകളുടെ മുഖംമൂടി ധരിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ ഉപരോധത്തിൽ പങ്കെടുത്തത്.
ഉപരോധസമരത്തിന് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് നേതൃത്വം നൽകി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, കെ.ആർ. ശരരാജ്, സി. നിഖിൽ, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, ചന്ദ്രൻ അങ്കാരപറന്പ്, എച്ച്. കാജാ ജൈലാവുദ്ധീൻ, കണ്ണൻ നായർ, ഷാജഹാൻ മേപ്പറന്പ്, സദ്ദാം ഹുസൈൻ, നഗരസഭ പ്രതിപക്ഷ നേതാവ് മോഹൻ ബാബു, ഷെറീഫ് റഹ്മാൻ, മുരളി എലന്തിയൻകാട്, കെ. പ്രതിഭ, ഷൈനി ഷജിത്ത് എന്നിവർ പങ്കെടുത്തു.