തനിമ നിലനിർത്തി വടക്കേ കോഞ്ചിറ കോൾപടവിൽ "പൊഴുതുമാട്ടം' നടന്നപ്പോൾ.
ഏനാമാക്കൽ: കാർഷിക സംസ് കൃതിയേയും പരമ്പരാഗത കാർഷിക ആചാരങ്ങളേയും തിരികെ പിടിക്കുന്നതിന്റെ ഭാഗമായി പഴമയുടെ തനിമ നിലനിർത്തി വടക്കേ കോഞ്ചിറ കോൾപടവിൽ "പൊഴുതുമാട്ടം' നടന്നു.
കോഞ്ചിറമുത്തിയുടെ തീർഥകേന്ദ്രത്തിലും ഏനാമാവ് കെട്ടുങ്ങൽ ജുമാ മസ്ജിദിലും ഇരിമ്പ്രനെല്ലൂർ ശ്രീകാർത്ത്യായനി ക്ഷേത്രത്തിലും പ്രാർഥനനടത്തിയും കാണിക്ക സമർപ്പിച്ചുമാണ് പടവു കമ്മറ്റി ഭാരവാഹികൾ പൊഴുതുമാട്ടത്തിന് എത്തിയത്. മുളംകുറ്റികളിൽ പൂമാല ചാർത്തി, തെങ്ങോലകൾ മെടഞ്ഞു ഉണക്കിയതുമായാണ് കർഷകത്തൊഴിലാളികൾ വഞ്ചിയിൽ പടവിലെ ഫാം ബണ്ടിൽ എത്തിയത്.
പടവിലെ വീഴ്ചയുള്ള ഭാഗത്ത് മുളംകുറ്റി അടിച്ച് ഓലയും പനമ്പും കെട്ടി മണ്ണിട്ട് ചിറകെട്ടിയ ശേഷമാണു കൃഷിപ്പണികൾ ആരംഭിക്കുക. വടക്കേ കോഞ്ചിറ കോൾപടവിൽ നടന്ന പൊഴുതുമാട്ടം പടവ് കമ്മറ്റി പ്രസിഡന്റ്് ടി.വി. ഹരിദാസൻ ആദ്യ മുളംകുറ്റി അടിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹരി മഞ്ചറമ്പത്ത് അധ്യക്ഷനായിരുന്നു. പടവ് കമ്മറ്റി ഭാരവാഹികളായ പി.എ.ഹാരീസ് ഹാജി, പി.എം. കുഞ്ഞിബാവു ഹാജി, എ.ആർ.രവിന്ദ്രൻ, ബിജോയ് പെരുമാട്ടിൽ, ലാസർ മുട്ടത്ത്, വി.എ. ഷൈല, ടി.എ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പൊഴുതുമാട്ടത്തെ തുടർന്ന് പടവിലേക്കുള്ള കഴകളെല്ലാം അടച്ചു. എൻജിൻ പുരയിൽ മോട്ടോർ പമ്പ് സെറ്റ് പ്രവർത്തന സജ്ജമാക്കി. ഇന്നുമുതൽ വെള്ളം വറ്റിക്കൽ പ്രക്രിയക്കു തുടക്കം കുറിക്കും. പിന്നീട് കളകൾ നീക്കി, യന്ത്രസഹായത്തോടെ നിലം പൂട്ടിനിരത്തും.
310 ഏക്കർ വിസ്തൃതിയുള്ള പടവിൽ ഇത്തവണ ഹൈബ്രിഡ് ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെന്നും ഓണത്തിനുശേഷം വിത നടത്തുമെന്നും പടവ് കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു .
തൃശൂരിന്റെ നെല്ലറയിൽ നെൽകർഷകരും കർഷക തൊഴിലാളികളും വീണ്ടും നൂറുമേനി വിളവെന്ന പ്രതീക്ഷകളോടെ സജീവമാകുകയാണ്.
Tags : Pozhuthumattam' NattuVishasham DistrictNews