പൂവാർ: അരുമാനൂർ - പൂവാർ റോഡിൽ തെറ്റിക്കാട്ട് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി നിയമ വിരുദ്ധമായി നിർമിച്ച സംരക്ഷണ മതിൽ അധികൃതർ പൊളിച്ചുനീക്കി. കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാൻ നിർമിച്ച കലുങ്ക് ഉൾപ്പെടെ ഗതാഗതത്തിനു തടസമുണ്ടാക്കുന്ന രീതിയിൽ സ്വകാര്യ വ്യക്തി നിർമിച്ച മതിലാണ് പോലീസിന്റെ സാന്നിദ്ധ്യത്തിൽ പിഡബ്ല്യുഡി വിഭാഗം ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റോഡിന്റെ വീതി കുറയ്ക്കുന്ന രീതിയിൽ ഇവിടെ അനധികൃത നിർമാണം നടത്തിയത്. കലുങ്ക് കെട്ടിയടച്ചു നടത്തിയ റോഡ് കൈയേറ്റത്തിനെതിരേ നാട്ടുകാർ കളക്ടർക്കും പൊതുമരാമത്ത് വകുപ്പിനും വില്ലേജ് ഓഫീസർക്കും പഞ്ചായത്തിനും പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പിഡബ്ല്യൂഡി അധികൃതർ സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചു രാത്രിയുടെ മറവിൽ മതിൽ കെട്ടിയുർത്തി. ഇറിഗേഷന്റെ കലുങ്ക് കെട്ടിയടച്ചശേഷം സ്വകാര്യ ഭൂമിയിൽ മണ്ണിട്ടു നികത്താൻ നടത്തിയശ്രമം ശൂലംകുടി വാർഡുമെമ്പർ മിനിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.
പൂവാർ പോലീസ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സ്ഥലം അളന്നു തിട്ടപ്പെടുത്തിയപ്പോൾ റോഡ് പുറമ്പോക്ക് കൈയേറിയതായി കണ്ടെത്തി.തുടർന്നാണ് അധികൃതർ മതിൽ പൊളിച്ചു നീക്കാൻ നടപടികൾ ആരംഭിച്ചത്. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിക്ക് നേതൃത്വം നൽകിയത്. ഭാവിയിൽ കൈയേറ്റങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി.