അമ്പായത്തോട് - ബോയ്സ് ടൗൺ റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് സ്ഥലമുടമകൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് പഞ
കൊട്ടിയൂർ: അമ്പായത്തോട് -ബോയ്സ് ടൗൺ റോഡ് നവീകരണത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സ്ഥലമുടമകളും അധികൃതരും തമ്മിൽ തർക്കം. റോഡിന്റെ ഇരുഭാഗത്തു നിന്നും തുല്യമായല്ല സ്ഥലം ഏറ്റെടുക്കുന്നതെന്ന ആരോപണം സംബന്ധിച്ചാണ് തർക്കം ഉടലെടുത്തത്. കേരള റോഡ് ഫണ്ട് ബോർഡും നാട്ടുകാരും ചേർന്ന് മുന്പ് അളന്നു സ്ഥാപിച്ച അതിരുകുറ്റികൾക്ക് പുറമേ പുതിയതായി ഒരു കുറ്റി കൂടി സ്ഥാപിച്ചതാണ് സംശയത്തിനും തർക്കത്തിനും ഇടയാക്കിയത്. റോഡിന്റെ മധ്യഭാഗത്തുനിന്നും ഇരുവശങ്ങളിലേക്കും ആറ് മീറ്റർ വീതം ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ.
എന്നാൽ ഒരു ഭാഗത്ത് നിന്ന് കൂടുതലും മറുഭാഗത്ത് നിന്ന് കുറവും സ്ഥലവും എടുക്കാനുള്ള ശ്രമമാണെന്ന് ഒരു വിഭാഗം സ്ഥലം ഉടമകൾ ആരോപിച്ചു.തർക്കം രൂക്ഷമായതോടെ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി ഭൂവുടമകളുമായി ചർച്ച നടത്തി. റോഡ് വികസനത്തിന് എത്ര സ്ഥലം വേണമെങ്കിലും നൽകാൻ തയാറാണെന്നും എന്നാൽ എല്ലാവർക്കും തുല്യനീതി നടപ്പാക്കിയാൽ മാത്രമേ സ്ഥലം ഏറ്റെടുക്കാവൂ എന്ന് നാട്ടുകാർ പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടു.
അധികമായി സ്ഥാപിച്ച കുറ്റി കാരണമാണ് തെറ്റിദ്ധാരണയുണ്ടായതെന്നും ഇരുവശങ്ങളിൽ നിന്നും ഒരുപോലെ തന്നെയായിരിക്കും സ്ഥലം ഏറ്റെടുക്കുകയെന്നും പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയതോടെയാണ് തർക്കത്തിന് താത്കാലിക പരിഹാരമായത്.
കിഫ്ബിയിൽനിന്ന് അനുവദിച്ച 41.50 കോടി രൂപ ചെലവഴിച്ചാണ് 5.76 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിക്കുന്നത്. 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന റോഡിൽ നിലവിലെ 5.50 മീറ്റർ ടാറിംഗ് ഒന്പത് മീറ്ററായി ഉയർത്തും. അമ്പായത്തോടിൽ നിന്നും ആരംഭിച്ച പ്രവർത്തികൾ ഓരോ കിലോമീറ്റർ വീതമുള്ള റീച്ചുകളായാണ് പൂർത്തിയാക്കുക.
Tags : NattuVishesham DistricteNews