ഇടം ഭാരവാഹികൾ വെള്ളറക്കാട് വില്ലേജ് ഓഫീസറുമായി സംസാരിക്കുന്നു.
എരുമപ്പെട്ടി: വെള്ളറക്കാട് പ്രവർത്തിക്കുന്ന കടങ്ങോട് - ചിറമനേങ്ങാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ സേവനങ്ങൾ നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് ഇടം സാംസ്കാരികവേദി ആവശ്യപ്പെട്ടു.
വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഗുണഭോക്താക്കൾ ദിവസങ്ങളോളം വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യമാണെന്നും പരാതിയുണ്ട്. കാണാനെത്തുന്ന സാധാരണക്കാർക്ക് മുന്നിൽ ഓഫീസർ മുറിയുടെ വാതിൽ അടച്ചിടുന്നതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഇടം സാംസ്കാരിക വേദി പ്രവർത്തകർ വില്ലേജ് ഓഫീസിലെത്തി ഓഫീസറുമായി സംസാരിച്ചത്.
എന്നാൽ ആരോപണങ്ങളും പരാതികളും അടിസ്ഥാനരഹിതമാണെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. മൂന്ന് വില്ലേജുകളുടെ പ്രവർത്തനം ഒറ്റ ഓഫീസിൽ നടക്കുന്നതിനാൽ ജോലിഭാരം കൂടുതലാണെന്നും അതേസമയം സേവനങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്താറില്ലെന്നും ഓഫീസർ അറിയിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്താണ് മുറിയുടെ വാതിൽ അടച്ചിട്ടതെന്നും വില്ലേജ് ഓഫീസിലെത്തി സാധാരണക്കാരെ ചൂഷണംചെയ്യുന്ന ഏജന്റുുമാരെ തടഞ്ഞതാണ് ഇത്തരം ആരോപണങ്ങൾക്ക് പിറകിലൊന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
അതേസമയം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിച്ചാൽ അതിനെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച ഇടം സാംസ്കാരിക വേദി പ്രവർത്തകർ ഗ്രൂപ്പ് വില്ലേജിന്റെ റീ സർവേ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു. ഇടം പ്രസിഡന്റ് കെ.ആർ. രാധിക, സെക്രട്ടറി അക്ബർ അലി, എൻ.എസ്. സത്യൻ,കെ.എ ഫരീദലി, ഷൗക്കത്ത് കടങ്ങോട്, നാസിമ സക്കീർ, അനീഷ്, വിജയൻ എന്നിവരാണ് സന്ദർശിച്ചത്.