പാലാ: നിര്‍ധനരായ 25 കുട്ടികളുടെ പഠനച്ചെലവുകള്‍ ഏറ്റെടുത്ത് പാലാ സെന്റ് തോമസ് കോളജ് ഫിസിക്സ് അലുമ്നി അസോസിയേഷന്.
1984-87 വര്‍ഷത്തെ ഡിഗ്രി ഫിസിക്സ് വിദ്യാര്‍ഥികളാണ് തങ്ങളുടെ അലുമ്നി അസോസിയേഷന് ഫണ്ടുപയോഗിച്ച് പാലായിലെ അനാഥാലയങ്ങളിലും മറ്റും താമസിച്ചു പഠിക്കുന്ന നിര്‍ധനരായ 25 സ്കൂള്‍ കുട്ടികളുടെ ഒരു വര്‍ഷത്തെ പഠനച്ചെലവ് ഏറ്റെടുത്തിരിക്കുന്നത്. 2026 മേയ് മുതല്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാവശ്യമായ മുഴുവന്‍ പഠനച്ചെലവുകളും വഹിക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് പി.ജി. അനില്പ്രസാദും സെക്രട്ടറി ജോഷി വട്ടക്കുന്നേലും പറഞ്ഞു.
കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി മുടങ്ങാതെ എല്ലാ വര്‍ഷവും ഡിസംബര്‍ അവസാന വാരം കൂടുന്ന ഫിസിക്സ് അലുമ്നി അസോസിയേഷന് യോഗം ഓരോ വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനമോ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനമോ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ആയിരത്തോളം പേര്‍ക്ക് സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തിരുന്നു. തങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ഇപ്പോള്‍ വിദേശത്തു ജോലിചെയ്യുന്ന സഹപാഠികളുടെ സഹകരണത്തോടെയാണ് ഫിസിക്സ് അലുമ്നി അസോസിയേഷന് ഇത്തരം സാമൂഹ്യപ്രവൃത്തികള് ഏറ്റെടുത്ത് നടത്തുന്നത്.
ഇത്തവണത്തെ ഫിസിക്സ് അലുമ്നി അസോസിയേഷന് യോഗത്തിൽ പ്രസിഡന്റ് പി.ജി. അനില്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി വട്ടക്കുന്നേല്‍, ട്രഷറര്‍ കുര്യാച്ചന് കോക്കാട്ട്, അലക്സ് കൊട്ടാരം, സോജന് ജോസഫ്, ബ്രജേഷ്, ബെന്നി പൈകട, ബിജു ജോസഫ്, ടി.കെ. രാജു, എ.ആര്. സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നതിന് സ്കൂള്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9447059322.