ആനക്കല്ല് - പൊന്മല - പൊടിമറ്റം റോഡ് തകര്‍ന്ന നിലയിൽ.
കാഞ്ഞിരപ്പള്ളി: ആനക്കല്ല് - പൊന്മല - പൊടിമറ്റം റോഡ് വീണ്ടും തകര്‍ന്നു. റോഡിന്റെ പൊന്മല മുതല്‍ പൊടിമറ്റം വരെയുള്ള ഭാഗത്താണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. പൊന്മല നേതാജി വായനാശാലയ്ക്ക് സമീപത്തെ വളവില്‍ രൂപപ്പെട്ട കുഴി അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.
നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള ഈ ഭാഗത്ത് കുഴിയില്‍ ചാടാതെ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റുന്നത് എതിര്‍ദിശയില്‍ വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യമാണുള്ളത്. ചെളിനിറഞ്ഞ് വെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ട നിലയിലാണ്. വെള്ളമൊഴുക്ക് കൂടുതലുള്ള കുത്തിറക്കങ്ങളില് പോലും ഓടകള്‍ സ്ഥാപിച്ചിട്ടില്ല. ഇത് മൂലം വെള്ളം ഒഴുകി റോഡിന്റെ അരികുകളിലും കുഴികളായ നിലയിലാണ്.
ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ലില്‍ നിന്ന് പ്രവേശിച്ച് പൊന്മല വഴി പൊടിമറ്റത്ത് ദേശീയപാതയില്‍ പ്രവേശിക്കാന്‍ കഴിയുന്നതാണ് റോഡ്. കാഞ്ഞിരപ്പള്ളി ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയുന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്ന് പോകുന്നത്. പിഎംജിഎസ്വൈ പദ്ധതിയിലൂടെ 2023ലാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അഞ്ച് വര്‍ഷത്തേക്ക് പരിപാലന ചുമതല ഉള്‍പ്പടെ മൂന്ന് കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. കലുങ്കുകള്‍ വൃത്തിയാക്കുക, അരികുകള്‍ വൃത്തിയാക്കുക, ഓടകള്‍ വൃത്തിയാക്കുക, വെള്ളക്കെട്ട് നീക്കല്‍ തുടങ്ങിയ അറ്റകുറ്റപ്പണികള്‍ക്ക് എല്ലാ വര്‍ഷവും തുക അനുവദിക്കുമെങ്കിലും യഥാസമയം ചെയ്യാത്തതാണ് റോഡ് തകരാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡിലെ കുഴികള്‍ അടയ്ക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.