ശ്രീറാം ഫിനാൻസ് ശാഖയിൽ പ്രതിഷേധവുമായെത്തിയവർ.
മുക്കം: ഉപഭോക്താക്കളറിയാതെ പലരുടേയും പേരിൽ ലക്ഷങ്ങൾ ലോണെടുത്തതായി ആരോപിച്ച് ധനകാര്യ സ്ഥാപനത്തിനു മുന്നിൽ ഉപഭോക്താക്കളുടെ പ്രതിഷേധം.
മുക്ക് പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ് ശാഖയിലാണ് ഉപഭോക്താക്കൾ പ്രതിഷേധവുമായെത്തിയത്.
സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടവ് നടത്തുന്ന ഉപഭോക്താക്കളുടെ പേരിൽ, അവരറിയാതെ ഒന്ന് മുതൽ ആറ് ലക്ഷം രൂപ വരെ അധിക വായ്പകൾ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. എടുക്കാത്ത വായ്പകൾ അക്കൗണ്ടിൽ കാണിച്ചതോടെ പലരുടെയും സിബിൽ സ്കോർ വൻതോതിൽ ഇടിയുകയും മറ്റ് സാമ്പത്തിക ഇടപാടുകൾ തടസപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് വൻ സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ഉപഭോക്താക്കൾ ആരോപിച്ചു.
അതേസമയം, ഇത് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതികപരമായ പിഴവാണെന്നും, പ്രശ്നം പരിഹരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മാനേജർ ശ്യാം അറിയിച്ചു.
Tags : Nattuvisesham DistrictNews DeepikaNews