വല്ലം തോടിന് കുറുകെ കണ്ടെത്തിയ പാറക്കൂട്ടങ്ങളും മരക്കുറ്റിയും.
പെരുമ്പാവൂര്‍: വല്ലം തോടിലും മുടിക്കല്‍ ആനപ്പാറയിലും കണ്ടെത്തിയ ചരിത്രപ്രാധാന്യമുള്ള പുരാശേഷിപ്പുകള്‍ പരിശോധിക്കാന്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തും. വല്ലം തോടിന്റെ ആരംഭസ്ഥാനത്തും പെരിയാര്‍ നദിയോട് ചേരുന്ന ഭാഗത്തും കണ്ടെത്തിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതായി കരുതപ്പെടുന്ന മരക്കുറ്റി, തോടിന് കുറുകെയുള്ള പാറക്കൂട്ടങ്ങള്‍ എന്നിവയും മുടിക്കല്‍ ആനപ്പാറയിലെ പാറയില്‍ കണ്ടെത്തിയ കൊത്തുപണികളുമാണ് സംഘം പരിശോധിക്കുക.
പെരുമ്പാവൂര്‍ നഗരസഭയുടെയും വാഴക്കുളം പഞ്ചായത്തിന്റെയും ഇടയിലൂടെ ഒഴുകുന്ന വല്ലംതോടും പാലക്കാട്ടുതാഴം തോടും പെരിയാര്‍ നദിക്കു സമീപം സംഗമിക്കുന്ന ഗാന്ധിനഗര്‍ പാലം ഭാഗത്താണ് പുരാശേഷിപ്പുകള്‍ കണ്ടെത്തിയത്.
പെരുമ്പാവൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുഴത്തീരം മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വള്ളിച്ചെടികളും മറ്റും നീക്കം ചെയ്തപ്പോഴാണ് വല്ലം കരയോട് ചേര്‍ന്നുള്ള പുരാതന മരക്കുറ്റിയും പുഴയ്ക്ക് കുറുകെയുള്ള പാറക്കൂട്ടങ്ങളും ചരിത്രഗവേഷകനായ ഇസ്മയില്‍ പള്ളിപ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തിരുവിതാംകൂര്‍ കാലത്ത് നികുതി ഉദ്യോഗസ്ഥനായിരുന്ന ചൗക്ക ഇന്‍സ്പെക്ടറുടെ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്ന മുടിക്കല്‍ ഡിപ്പോ കടവിലെ ആനപ്പാറയില്‍ നടത്തിയ പരിശോധനയിലാണ് പാറയിലെ കൊത്തുപണികള്‍ കണ്ടെത്തിയത്. വിവരം സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശനെ അറിയിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പാലസിലെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചതായി ഇസ്മയില്‍ പള്ളിപ്രം പറഞ്ഞു.
വല്ലത്ത് കണ്ടെത്തിയ മരക്കുറ്റി ബണ്ട് നിര്‍മാണത്തിനായി സ്ഥാപിച്ചതോ, പെരിയാറില്‍നിന്ന് മുക്കടമുണ്ടക്ക തോട് വഴി കിടങ്ങിന് താഴേക്ക് എത്തുന്ന ഉരുക്കള്‍ കെട്ടിയടുന്നതിനായി സ്ഥാപിച്ചതോ ആയിരിക്കാമെന്നാണ് ചരിത്രനിരീക്ഷണം. വല്ലം ട്രാവന്‍കൂര്‍ റയോണ്സിനുവേണ്ടിയും മുടിക്കല്‍ മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനു വേണ്ടിയും കുഴിയെടുത്തപ്പോള്‍ മഹാശിലായുഗ കാലഘട്ടത്തിലെ നിരവധി നന്നങ്ങാടികള്‍ കണ്ടെത്തിയിരുന്നു.
പെരുമ്പാവൂര്‍ കച്ചേരിക്കുന്നിലെ പഴയ കോടതി കെട്ടിടം പൊളിച്ചപ്പോഴും നഗരമധ്യത്തിലെ കടുവാളില്‍ ഗുഹ കണ്ടെത്തിയപ്പോഴും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആലുവ യുസി കോളജ് ചരിത്രവിഭാഗം വല്ലത്തിന് സമീപം ഒക്ലില് നടത്തിയ പുരാവസ്തു സര്‍വേയിലും മഹാശിലായുഗകാലത്തെ നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
Tags : NattuVishesham DistrictNews