ഇന്നലെ എൻഎച്ച് ഫ്ലൈഓവറിനടിയിൽ നടന്ന സംഘർഷം.
ആലുവ: ദേശീയപാത മേൽപ്പാലത്തിനടിയിൽ സാമൂഹ്യ വിരുദ്ധർ വീണ്ടും താവളമടിക്കുന്നതായി പരാതി. പകൽ സമയങ്ങളിൽപോലും സംഘം തിരിഞ്ഞ് ആക്രമണവും ബഹളങ്ങളും നടക്കുന്നത് യാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്.
ഇന്നലെയും നാല പേർ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പരസ്പരം ആക്രമിച്ചു. കല്ലെടുത്ത് തലയ്ക്കടിക്കാൻ നോക്കുന്നതും വഴിയാത്രക്കാർ എടുത്ത ചിത്രങ്ങളിൽ കാണാം. ഇവരിൽ നിന്ന് ആക്രമണം ഭയന്ന് സമീപത്തെ വ്യാപാരികളോ കാൽനടക്കാരോ അടുക്കാറില്ല.
കഴിഞ്ഞ ദിവസം ആക്രമണം കണ്ട് പിന്തിരിപ്പിക്കാൻ ചെന്നയാൾക്കും ആക്രമണമേറ്റിരുന്നു.
ദേശീയപാതയുടെ ബൈപാസ് മേൽപ്പാലത്തിന് സമാന്തരമായി കൊച്ചി മെട്രോയുടെ തൂണുകളും പോകുന്നുണ്ട്. അതിനാൽ ആലുവ ടൗണിലെ ഈ മേഖലയിൽ വെയിലോ മഴയോ ശല്യമല്ല.
ഈ സൗകര്യം ഉപയോഗിച്ചാണ് സാമൂഹ്യ വിരുദ്ധർ 24 മണിക്കൂറും ഇവിടെ തമ്പടിക്കുന്നത്. ഇതിനിടയിൽ മദ്യപാനം, മയക്കുമരുന്നുപയോഗം എന്നിവയും നടക്കുന്നുണ്ട്.
ഇവിടെ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നതായും പരാതിയുണ്ട്. സ്വകാര്യ ബസ് സ്റ്റാൻഡിൻെറ പിൻവശം, പച്ചക്കറി മാർക്കറ്റ്, പലചരക്ക് മാർക്കറ്റ്, മീൻ മാർക്കറ്റ്, ആലുവ മെട്രോ സ്റ്റേഷൻ തുടങ്ങിയ പ്രവർത്തിക്കുന്ന മേഖലയാണ്.മേൽപ്പാലത്തിനിടയിലൂടെ വേണം യാത്രക്കാർക്ക് കടന്നു പോകാൻ. ഇവിടെ വൃത്തിഹീനവുമാണ്. കൊച്ചി മെട്രോ സ്ഥാപിച്ചിരുന്ന പൂന്തോട്ടങ്ങൾ നശിപ്പിച്ചും കളഞ്ഞു. ഏറ്റവും കൂടുതൽ യാത്രക്കാർ കടന്നു പോകുന്ന ആലുവയിലെ ഈ മേഖലയിൽ കയ്യേറ്റവും വ്യാപകമാണ്.
ആര് മുൻകൈ എടുക്കണമെന്ന തർക്കത്തിലാണ് ദേശീയ പാതാ അതോറിറ്റിയും ആലുവ നഗരസഭയും . കൈയ്യേറ്റം ഒഴിവാക്കി സൗന്ദര്യവൽക്കരിക്കണമെന്നാണ് ദേശീയപാതാ അതോറിറ്റിയോടും ആലുവ നഗരസഭയോടും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Tags : NattuVishesham DistrictNews