എരിക്കുളം സ്മൃതിതീരത്തിൽ പൊക്കൻ അച്ഛന്റെ ചിതയ്ക്ക് സുസ്മിത എം. ചാക്കോ അഗ്നി പകരുന്നു.
നീലേശ്വരം: താൻ ഒറ്റയ്ക്കല്ലെന്ന തോന്നലാണ് അവസാന കാലത്ത് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ആശ്വാസങ്ങളിലൊന്ന്. നീലേശ്വരം മന്നംപുറത്ത് കാവ് പ്രദേശത്ത് തെരുവിൽ അലഞ്ഞുതിരിഞ്ഞ് കഴിഞ്ഞിരുന്ന പൊക്കൻ അച്ഛന് ജീവിതസായാനത്തിൽ ആ കരുതലും സ്നേഹവും ലഭിച്ചത് മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലാണ്. ഒരുപടി കൂടി കടന്ന് അവസാനയാത്രയിൽ ഒരു മകളുടെ സ്ഥാനത്തുനിന്ന് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ സുസ്മിത എം. ചാക്കോ മുന്നോട്ടുവന്നപ്പോൾ അത് ഏറ്റവും സ്നേഹപൂർണമായ ഒരാദരമായി മാറി.
ആരോരുമില്ലാതെ അവശനിലയിൽ കഴിഞ്ഞിരുന്ന പൊക്കൻ അച്ഛനെ മാസങ്ങൾക്കുമുമ്പ് പോലീസ് ഇടപെട്ടാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. സ്വന്തമെന്നു പറയാൻ മക്കളോ അടുത്ത ബന്ധുക്കളോ ഒന്നും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇതോടെ ഇദ്ദേഹത്തെ സ്ഥാപനം ഏറ്റെടുത്ത് ആവശ്യമായ പരിചരണവും ഭക്ഷണവും ചികിത്സയും നൽകി സംരക്ഷിക്കുകയായിരുന്നു. പുനരധിവാസകേന്ദ്രത്തിലെ ജീവനക്കാരും മറ്റ് അന്തേവാസികളുമെല്ലാം ചുരുങ്ങിയ നാളുകൾകൊണ്ട് പൊക്കൻ അച്ഛന്റെ കുടുംബാംഗങ്ങളായി മാറി.
വാർധക്യസഹജമായ അസുഖങ്ങൾ മൂലം കഴിഞ്ഞദിവസമാണ് പൊക്കൻ അച്ഛൻ അന്തരിച്ചത്. മരണശേഷവും മൃതദേഹം ഏറ്റുവാങ്ങാനും അന്ത്യകർമങ്ങൾ നടത്താനും ബന്ധുക്കൾ തയാറായില്ല. ഇതോടെയാണ് സുസ്മിത തന്നെ മകളുടെ സ്ഥാനത്ത് നിന്ന് അന്ത്യകർമങ്ങൾ നിർവഹിക്കാൻ തയാറായി മുന്നോട്ടുവന്നത്. രക്തബന്ധങ്ങളേക്കാൾ വലുതാണ് മനുഷ്യബന്ധങ്ങളെന്ന് തെളിയിച്ചുകൊണ്ട് ന്യൂ മലബാർ കുടുംബാംഗങ്ങളെല്ലാം ഒപ്പംനിന്നു. മടിക്കൈ പഞ്ചായത്തിനു കീഴിലുള്ള എരിക്കുളത്തെ സ്മൃതിതീരത്തിൽ ചിതയ്ക്ക് തീകൊളുത്തുന്നതടക്കമുള്ള കർമങ്ങൾ സുസ്മിത നിർവഹിച്ചു. സുസ്മിതയുടെ പിതാവ് പരേതനായ എം.എം. ചാക്കോയുടെ നേതൃത്വത്തിൽ തുടങ്ങിയ ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ 20 വർഷമായി അനാഥരെയും ആരുമില്ലാത്തവരെയും സംരക്ഷിച്ചുവരുന്ന സ്ഥാപനമാണ്. നിലവിൽ 120 ഓളം അന്തേവാസികൾ സ്ഥാപനത്തിൽ കഴിയുന്നുണ്ട്. അധ്യാപികയായി ജോലിചെയ്തിരുന്ന സുസ്മിത പിതാവിന്റെ അകാലവിയോഗത്തെ തുടർന്നാണ് സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തത്.
Tags : NattuVishesham DistrictNews