തളിക്കുളത്ത് ടി.എൻ. പ്രതാപന്റെ പുസ്തകപ്രകാശനച്ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: പ്രതിസന്ധികളെ അവസരമാക്കി മാറ്റാൻ കഴിയണമെന്നും പ്രതിസന്ധികൾ വരുന്പോൾ പതറരുതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കോണ്ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ രചിച്ച എട്ടാമത് പുസ്തകം ‘ഈ നേരവും കടന്നുപോകും’ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തളിക്കുളത്തെ ടി.എൻ. പ്രതാപന്റെ വസതിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനു പുസ്തകം കൈമാറിയാണു പ്രകാശനം നിർവഹിച്ചത്.
എല്ലാവരിൽനിന്നും അറിവുനേടാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു. പുതിയ തലമുറ ഒരുപാട് ആശയങ്ങുമായാണു മുന്നോട്ടുവരുന്നത്. ഇവർക്ക് ഒന്നു കൈ കൊടുത്താൽ മാത്രം മതി. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യകളെയും അധിക്ഷേപങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു.
കഴിഞ്ഞദിവസം മരിച്ച മാധ്യമപ്രവർത്തകനെ രൂക്ഷമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചില രാഷ്ട്രീയപാർട്ടികളുടെ പിന്തുണയും ഇത്തരം പ്രവർത്തനങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂമന്ത്രി എ.പി. അനിൽകുമാർ അധ്യക്ഷനായി. എംഎൽഎമാരായ തോമസ് ഉണ്ണിയാടൻ, സനീഷ്കുമാർ ജോസഫ്, രാജൻ പല്ലൻ, തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ, എഴുത്തുകാരായ എം.പി. സുരേന്ദ്രൻ, പി.വി. കൃഷ്ണൻ നായർ, എൻ. ശ്രീകുമാർ, അജിതൻ, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, എം.പി. വിൻസെന്റ്, ഒ. അബ്ദുറഹ്മാൻകുട്ടി, സി.എ. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews