പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും തൃശൂർ സെന്റ് മേരീസ് കോളജിലെ സോഷ്യൽവർക്ക് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ ഓണസംഗമത്തിൽ
തൃശൂർ: ശാരീരികാവസ്ഥകളാൽ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന ഭിന്നശേഷിക്കാർ അവശതകൾ മറന്ന് ഒത്തുകൂടിയപ്പോൾ ഓണത്തിനുപോലും വിരിയാത്ത പൂമൊട്ടുകൾ വസന്തം വിടർത്തി.
പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും തൃശൂർ സെന്റ് മേരീസ് കോളജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ ഓണസംഗമമാണു കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പൂക്കൾ വിടർത്തിയത്. ചക്രക്കസേരയിലുള്ളവരടക്കം നൂറിലധികം ഭിന്നശേഷിക്കാരും കൂട്ടിരിപ്പുകാരും പങ്കെടുത്തു.
കേരള ഫോക്ലോർ അക്കാദമി പുരസ്കാരജേതാവ് സത്യദേവൻ എറവ് അവതരിപ്പിച്ച നാടൻപാട്ടുകളോടെയാണ് സെന്റ്മേരീസ് കോളജ് ഓഡിറ്റോറിയത്തിൽ ആഘോഷത്തിനു തുടക്കമായത്. ഭിന്നശേഷി കലാകാരൻമാരുടെയും കുടുംബാംഗങ്ങ ളുടെയും സെന്റ് മേരീസ് കോളജ് വിദ്യാർഥിനികളുടെയും പാട്ടുകളും നൃത്തങ്ങളും ആഘോഷം കൊഴുപ്പിച്ചു.
ഓട്ടിസത്തെ അതിജീവിച്ച് കർണാടിക് സംഗീതത്തിൽ ബിരുദം നേടിയ കിരണ്‍, പൂജ രമേശ്, വിഷ്ണു പരശുരാം എന്നിവരെയും റോഡപകടത്തെത്തുടർന്നു ചക്രക്കസേരയിൽ ഒതുങ്ങിപ്പോയിട്ടും പിഎസ്സി മത്സരപ്പരീക്ഷ എഴുതി ജോലിനേടിയ ജിനീഷിനെയും പരിപാടി ഉദ്ഘാടനംചെയ്ത അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി ആദരിച്ചു. പങ്കെടുത്ത എല്ലാ ഭിന്നശേഷിക്കാർക്കും ഫാമിലി ഫോട്ടോ വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും കഴിച്ചാണ് എല്ലാവരും മടങ്ങിയത്.
പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ കെ. അരവിന്ദാക്ഷൻ അധ്യക്ഷനായി. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ, സൊസൈറ്റി ട്രഷറർ ഇ.കെ. ജോണ്സണ്, ഫിസിയോതെറാപ്പി കണ്‍വീനർ സി.പി. വിൽസണ്‍ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews