നിർമാണം പാതിവഴിയിലായ കുനിത്തലമുക്ക്-വായന്നൂർ-വെള്ളാർവള്ളി റോഡ്.
വെള്ളാർവള്ളി: പ്രധാനമന്ത്രി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് നിർമാണം ആരംഭിച്ച കുനിത്തലമുക്ക്- വായന്നൂർ- വെള്ളാർവള്ളി റോഡ് പ്രവൃത്തി പാതിവഴിയിൽ നിലച്ചു. കരാറുകാരൻ പണി ഉപേക്ഷിച്ചതോടെ വെള്ളാർവള്ളി മുതൽ വായന്നൂർ അമ്പലമുക്ക് വരെയുള്ള ഭാഗത്ത് കാൽനടയാത്ര പോലും അസാധ്യമായ വിധം പാത തകർന്നുകിടക്കുകയാണ്.
റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികളും വാഹനയാത്രക്കാരും. പേരാവൂർ, കോളയാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
ആകെ ഏഴു കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 3.5 കിലോമീറ്റർ പേരാവൂർ പഞ്ചായത്തിലും ബാക്കി ഭാഗം കോളയാട് പഞ്ചായത്തിലുമാണ് ഉൾപ്പെടുന്നത്. 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിംഗും കലുങ്ക് നിർമാണവും ഉൾപ്പെടെ 11.5 കോടിയോളം രൂപ ചെലവഴിച്ചാണ് റോഡ് വികസനം ആരംഭിച്ചത്. എന്നാൽ കുനിത്തലമുക്ക് മുതൽ മണ്ഡപം വരെ ഒന്നാംഘട്ട മെക്കാഡം ടാറിംഗ് മാത്രമാണ് ഇതുവരെ നടന്നത്.
മണ്ഡപത്തിലെ കയറ്റം കുറയ്ക്കുന്ന പ്രവൃത്തിയും വായന്നൂർ അമ്പലമുക്ക് മുതൽ വെള്ളാർവള്ളി സ്കൂൾ വരെയുള്ള ഭാഗത്ത് കലുങ്ക് നിർമാണവും നടത്തിയ തൊഴിച്ചാൽ മറ്റ് പ്രവൃത്തികളൊന്നും പൂർത്തിയായിട്ടില്ല. നിർമാണത്തിന്റെ ഭാഗമായി പലയിടത്തും നിലവിലുണ്ടായിരുന്ന ടാറിംഗ് പൂർണമായും ഇളക്കിമാറ്റിയതാണ് യാത്രാദുരിതം രൂക്ഷമാക്കിയത്.
ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന വ്യവസ്ഥയിലാണ് കരാർ നൽകിയിരുന്നത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും കരാറുകാരൻ ടെൻഡർ പുതുക്കാതെ പ്രവൃത്തി ഉപേക്ഷിക്കുക യായിരുന്നുവെന്നാണ് വിവരങ്ങൾ. കരാറുകാരനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും പ്രതികരിക്കാൻ തയാറായില്ല.
Tags : NattuVishesham DistrictNews