ബുക്ക് ചെയ്തിട്ടും പാചകവാതകം ലഭിക്കാത്തതിനെ തുടർന്ന് ഇരിട്ടി ഗ്യാസ് ഏജൻസിക്കു മുന്നിൽ പ്രതിഷേധിക്കുന്ന ഉപഭോക്താക്കൾ.
ഇരിട്ടി: പാചകവാതകത്തിന്റെ ലഭ്യതക്കുറവും ബുക്ക് ചെയ്തിട്ടും സിലിണ്ടർ ലഭിക്കാത്തതും പ്രതിഷേധത്തിനിടയാക്കി. ശനിയാഴ്ച രാവിലെ ഒന്പതോടെ ഇരിട്ടി ഇൻഡൻ ഗ്യാസ് ഏജൻസിക്കു മുന്നിലാണ് ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തി പ്രതിഷേധിച്ചത്.
നേരത്തെ 45 ദിവസത്തെ ഇടവേളയിലായിരുന്നു പാചകവാതകം ബുക്ക് ചെയ്യാൻ അനുമതിയുണ്ടായിരുന്നത്. ഇത് 25 ദിവസമായി കുറച്ചതോടെ കൂടുതൽ പേർ ഒരേസമയം ബുക്ക് ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് ഏജൻസി അധികൃതർ പറഞ്ഞു.
പ്രതിദിനം രണ്ട് ലോഡ് ഗ്യാസ് ആവശ്യമായിരിക്കെ നിലവിൽ മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമാണ് ഒരു ലോഡ് എത്തുന്നതെന്നും അധികൃതർ പറഞ്ഞു. 300 സിലിണ്ടറുകൾ വീതമുള്ള രണ്ട് ലോഡെങ്കിലും പ്രതിദിനം ലഭിച്ചാൽ മാത്രമേ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം വിതരണം നടത്താനാകൂ. സാധാരണ ദിവസങ്ങളിൽ 50 മുതൽ 60 വരെ സിലിണ്ടറുകൾ ഏജൻസിയിൽനിന്ന് വിതരണം ചെയ്യാറുണ്ട്. എന്നാൽ ശനിയാഴ്ച സാധാരണയെത്തുന്നതിന്റെ മൂന്നിരട്ടി ഉപഭോക്താക്കൾ ഗ്യാസ് ആവശ്യപ്പെട്ട് എത്തിയതാണ് പ്രതിസന്ധിക്കും കാരണമായതെന്നും അധികൃതർ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ ഇരിട്ടി പൊലിസ് സ്ഥലത്തെത്തി. പരാതിയുള്ളവർ സ്റ്റേഷനിലെത്തി പരാതി നൽകണമെന്ന് പൊലിസ് ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews