ഷാനിമോൾ ഉസ്മാൻ ദലീമ ജോജ പി.എസ്. ജ്യോതിസ്
തുറവൂർ: മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഉപദ്വീപും കൊച്ചിയോടു ചേർന്നുകിടക്കുന്ന വ്യവസായകേന്ദ്രവുമായ അരൂർ നിയോജക മണ്ഡലം വനിതകളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമാകുകയാണ്. എൽഡിഎഫ് സ്ഥാനാർഥിയായി സിറ്റംഗ് എംഎൽഎ ദലീമയും യുഡിഎഫ് സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനുമാണ് ജനവിധി തേടുന്നത്. എൻഡിഎ സ്ഥാനാർഥിയായി അഡ്വ. പി.എസ്. ജ്യോതിസും കളത്തിലുണ്ട്.
ഉപതെരഞ്ഞെടുപ്പിലൂടെ
ഷാനിമോൾ
2019ൽ അരൂർ എംഎൽഎ ആയിരുന്ന എ.എം. ആരിഫ് പാർലമെന്റ് അംഗമായി തെരഞ്ഞെടു ക്കപ്പെട്ടപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ മനു സി. പുളിക്കനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് വിജയിച്ചയാളാണ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. 2019 മുതൽ 2021 മേയ് വരെ അരൂർ നിയോജക മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമായിരുന്നു.
2021-ൽ ദലീമയോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരളത്തിൽനിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിതയാണ്. ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിംകുഞ്ഞിന്റെ മകളായി ജനനം. ആലപ്പുഴ എസ്ഡി കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെഎസ്യുവിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു.
ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോൾ വിദ്യാർഥി രാഷ്ട്രീയത്തിൽ മുഴുവൻസമയ പ്രവർത്തകയായി. തിരുവനന്തപുരം ലയോള കോളജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ശേഷമാണ് എൽഎൽബി പാസായത്. അമ്പലപ്പുഴ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.
നിയമസഭയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ട
ആദ്യ പിന്നണിഗായിക
ദക്ഷിണേന്ത്യൻ പിന്നണി ഗായികയും പൊതു പ്രവർത്തകയുമായ ദലീമ ജോജോ അരൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിൽ ശ്രദ്ധേയയായി. 2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ 6,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ദലീമ നിയമസഭയിലേക്കെത്തിയത്.
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്തിലെ അരൂർ ഡിവിഷനിൽ വിജയിച്ച് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റാവുകയും ചെയ്തു. 2020 ലെ കേരള തദ്ദേശ തെരഞ്ഞെടുപ്പിൽ അരൂർ ഡിവിഷനിൽനിന്ന് വീണ്ടും വിജയിച്ചു. 2021 കേരള നിയമസഭാ സ്ഥാനാർഥിയായി അരൂരിൽ നിന്ന് വിജയിച്ചു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പിന്നണി ഗായികയാണ് അവർ.
സിപിഎം വിട്ട്
പി.എസ്. ജ്യോതിസ്
അരൂർ മണ്ഡലത്തിലെ എൻഡിഎ സാനാർഥിയായി മത്സരിക്കുന്ന അഡ്വ. പി.എസ്. ജ്യോതിസ്, ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവായിരുന്നു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം സിപിഎം വിട്ടത്. നിലവിൽ ഭാരത് ധർമ ജന സേന (ബിഡിജെഎസ്) നേതാവാണ്. മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന പുന്നപ്ര-വയലാർ സമരസേനാനി എൻ.പി. തണ്ടാരുടെ മരുമകനാണ്. എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ മുൻ സെക്രട്ടറി പി.കെ. സുരേന്ദ്രന്റെ മകനാണ്. ചേർത്തല കോടതിയിലെ അഭിഭാഷകനായ ജ്യോതിസ് എസ്.എൻ. ട്രസ്റ്റ് ബോർഡംഗം കൂടിയാണ്.
Tags : Aroor nattuvishesham local news