പ്രതീകാത്മക ചിത്രം
വെള്ളറട: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ കുടിലിന് തീയിട്ടു. 40 വര്ഷമായി ഒറ്റയ്ക്ക് താമസിക്കുന്ന കാക്ക തൂക്കി മേല്മുട്ടൂര് പ്ലാവില വീട്ടില് രവീന്ദ്രന് (58) ന്റെ കുടിലിനാണ് കഴിഞ്ഞദിവസം രാത്രി സാമൂഹിക വിരുദ്ധര് തീയിട്ടത്. പ്രദേശവാസികളുടെ സഹായസഹകരണങ്ങള് കൊണ്ടാണ് രവീന്ദ്രന് കഴിഞ്ഞു പോകുന്നത്.
മേല്ക്കൂരയിലെ ടാര്പ്പകള് ദ്രവിച്ച് മഴ നനയുന്നതുകൊണ്ട് തിരുവോണ ദിവസം പ്രദേശവാസികള് പുതിയ പോളിത്തീന് ടാര്പ്പ മേല്ക്കൂരയില് സ്ഥാപിച്ചിരുന്നു. വീട്ടിലെ കട്ടിലും മെത്തയുമടക്കം അഗ്നിക്കിരയായി .
പോളിത്തീന് ടാര്പ്പ ഉരുകി ദേഹത്ത് വീണപ്പോഴാണ് കുടിലിന് തീപിടിച്ച വിവരം രവീന്ദ്രന് അറിയുന്നത്. രവീന്ദ്രന്റെ നിലവിളി കേട്ട് സമീപവാസികള് വെള്ളറട സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചു.
നാട്ടുകാര് അറിയിച്ചതിനെ തുടര്ന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കുകയും വെള്ളറട പോലീസില് പരാതിപ്പെടുകയും ചെയ്തു.
സംഭവത്തിൽ വെള്ളറട പോലീസ് എത്തി തെളിവുകള് ശേഖരിച്ച് കേസ് എടുത്തിട്ടുണ്ട്. രവീന്ദ്രൻ കുടിലിനുള്ളില് തീ കത്തിക്കുന്ന പതിവില്ല. പുറമേ നിന്ന് ആഹാരം വാങ്ങി കഴിക്കുകയാണ് പതിവ്. പുറമേ നിന്നുള്ള സാമൂഹിക വിരുദ്ധരാണ് തീ ഇട്ടത് എന്നാണ് പോലീസിന്റെ നിഗമനം. ടാര്പ്പാളിന് ഉരുകിവീണ് പൊള്ളലേറ്റ രവീന്ദ്രന് ചികിത്സയിലാണ്.