മുഹമ്മദ് മുസ്തഫ
കൊടുങ്ങല്ലൂർ: വധശ്രമക്കേസിലെ പ്രതിയെ എയർപോർട്ടിൽനിന്നു അറസ്റ്റ് ചെയ്തു. ഒളിവിൽകഴിഞ്ഞിരുന്ന അഴീക്കോട് മുനക്കൽ ബീച്ച് സ്വദേശി ചാലിൽ വീട്ടിൽ മുഹമ്മദ് മുസ്തഫ(19)യെയാണ് മുംബൈ എയർപോർട്ടിൽനിന്നു തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
2019 മാർച്ച് ഒമ്പതിനു അഴിക്കോട് ബീച്ചിൽവച്ച് അഴീക്കോട് സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ മുഹമ്മദ് യാസിനെ(25) ബൈക്ക് ചെയിൻകൊണ്ടും ഇരുമ്പുപൈപ്പുകൊണ്ടും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
പ്രതി വിദേശത്തേയ്ക്കു കടന്നതിനെത്തുടർന്ന് പിടികൂടുന്നതിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രതി സൗദി അറേബ്യയിൽനിന്നു രഹസ്യമായി നാട്ടിലേക്ക് വരുന്നതിനായി ബോംബെ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു.
തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ മുംബെെയിലേക്കയച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു.
കൊടുങ്ങല്ലൂർ സിഐ ബി.കെ. അരുൺ, എസ്ഐമാരായ മനു പി.ചെറിയാൻ, കെ.കെ. ബിജു, ജിഎസ് സിപിഒ ലിജിൻ ജെയിംസ്, ജിനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ്ചെയ്ത സംഘത്തിലുള്ളത്.
Tags : Attempted murder nattuvishesham local news