കോന്നി: മുതിർന്ന പൗരന്മാരോടുള്ള അതിക്രമവിരുദ്ധ ബോധവത്കരണ ദിനാചരണത്തോടനുബന്ധിച്ച് കോന്നിയിൽ പരിപാടികൾ സംഘടിപ്പിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ, മോഡൽ സായംപ്രഭാ ഹോമിലെ അംഗങ്ങൾക്കായാണ് ബോധവത്കരണ ക്ലാസും കലാപരിപാടികളും നടത്തിയത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ അധ്യക്ഷത വഹിച്ചു.
കോന്നി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുജീബ് മുഖ്യാതിഥിയായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ എസ്. തമ്പി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ വി. നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോബിൻ മോൻസി, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഡി. ശിവദാസ്, സൗദാ റഹീം, റോസമ്മ ബാബുജി എന്നിവർ പ്രസംഗിച്ചു.