പഴശി കന്നാട്ടുംകാവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കുന്നു.
മട്ടന്നൂർ: നാഷണൽ ആയുഷ് വകുപ്പിന് കീഴിൽ മട്ടന്നൂർ പഴശി കന്നാട്ടുംകാവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആയുർവേദ ആശുപത്രി നാടിന് സമർപ്പിച്ചു.17 കോടി രൂപ ചെലവിലാണ് 50 കിടക്കകളുള്ള ആശുപത്രി നിർമിച്ചത്. നാലു നിലകളുള്ള കെട്ടിടത്തിന്റെ മൂന്നു നിലകളുടെ നിർമാണമാണ് പൂർത്തിയായത്. താഴത്തെ നിലയിൽ ഒപി, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറികൾ, ഒന്നാം നിലയിൽ സ്ത്രീകളുടെ ജനറൽ വാർഡ്, പഞ്ചകർമ യൂണിറ്റ്, രണ്ടാം നിലയിൽ പുരുഷ ജനറൽ വാർഡ്, ഫിസിയോതെറാപ്പി, മിനി ഓപ്പറേഷൻ തീയേറ്റർ എന്നിവയുണ്ടാകും. മൂന്നാംനിലയിൽ പേ വാർഡുകൾ, എക്സ്റേ റൂം, കഫ്റ്റീരിയ അടുക്കള എന്നിവയുമുണ്ടാകും.
ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിലാണ് ആശുപത്രി നിർമിച്ചിരിക്കുന്നത്. വിമാനത്താവളത്തിനു തൊട്ടടുത്ത പ്രദേശമായതിനാൽ കേരളത്തിന്റെ പാരമ്പര്യ ചികിത്സയായ ആയുർവേദത്തെ തേടി വരുന്ന ആഭ്യന്തര-വിദേശ യാത്രികർ കൂടി ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രപദ്ധതി പ്രകാരം ആദ്യം ഒൻപതു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇത് തികയാതെ വന്നതോടെ രണ്ടു കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. പിന്നീട് കേന്ദ്ര-സംസ്ഥാന വിഹിതമായി അഞ്ച് കോടി രൂപയും ചേർന്ന് 16 കോടി രൂപ ചെലവിലാണ് ആശുപത്രി നിർമിച്ചത്.
കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്റെ ആരോഗ്യ രംഗത്തിന് കരുത്തേകാൻ ആയുർവേദ ആശുപത്രി അനുവദിച്ചത്. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ആശുപത്രി ഉദ്ഘാടനം ചെയ്തു. കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.