തൊടുപുഴ: എഴുത്തുകാരനും പ്രഭാഷകനുമായ അഡ്വ. ബാബു പള്ളിപ്പാട്ടിന് വായന സാഗരംപോലെയാണ്. തനിക്ക് ജീവിതത്തില്‍ മുന്നോട്ടു കുതിക്കാനുള്ള ശക്തിയും ചൈതന്യവും പകര്ന്നുനല്കുന്നതില് കഥയ്ക്കും കവിതയ്ക്കും നോവലിനും ഗ്രന്ഥങ്ങള്‍ക്കുമെല്ലാം വലിയ സ്ഥാനമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ബാല്യം മുതല്‍ വായനയോട് പ്രത്യേക മമത പുലര്‍ത്തിയിരുന്ന ബാബു പള്ളിപ്പാട്ടിന് വീട്ടില്‍തന്നെ 12,000 -ത്തോളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമുണ്ട്. പഠന കാലയളവില്‍ സാമ്പത്തിക പരാധീനത അലട്ടിയിരുന്നതിനാല്‍ സ്കൂളില്‍നിന്നും ലൈബ്രറിയില്‍നിന്നും പുസ്തകമെടുത്തായിരുന്നു ഇദ്ദേഹം വായിച്ചിരുന്നത്.
പ്രീ-ഡിഗ്രിക്ക് പഠിക്കുന്ന കാലഘട്ടത്തില്‍ പത്രവിതരണത്തിന് പോയതോടെയാണ് പത്രവും മാഗസിനും പതിവായി വായിക്കുന്നത് ശീലമാക്കിയത്. ഒന്നാം വര്‍ഷം ബിരുദ പഠനത്തിന് ന്യൂമാന്‍ കോളജില്‍ ചേര്‍ന്നതോടെ വായനയുടെ രീതി മാറി. മലയാളത്തില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലേക്കുള്ള മാറ്റം വഴിത്തിരിവായി.
ഇതോടെ ചെറിയ രചനകളിലേക്കും സൃഷ്ടികളിലേക്കും തിരിഞ്ഞു. തൊടുപുഴയിലെ സാംസ്കാരിക പ്രവര്‍ത്തകരും ഉപാസനയുമായുള്ള അടുപ്പവും വായനയുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് ബാബു പള്ളിപ്പാട്ടിനെ തട്ടിയുണര്‍ത്തി. ഉപാസനയില്‍ എല്ലാ ഞായറാഴ്ചയും നടന്നുവരുന്ന സെമിനാര്‍ പുതിയ അനുഭവമായിരുന്നു. എല്ലാ ദിവസവും പുതിയ എഴുത്തുകാര്‍ വന്ന് സംസാരിക്കുമ്പോള്‍ അത് കേട്ട് ആ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുമായിരുന്നത് പതിവാക്കി. ബിഎ പഠന കാലഘട്ടത്തില്‍ അത്യാവശ്യം പുസ്തകങ്ങള്‍ വായിക്കാന്‍ സാധിച്ചു. കൂടുതലായും വായിച്ചിരുന്നത് വൈജ്ഞാനിക സാഹിത്യം പോലെയുള്ള പുസ്തകങ്ങളായിരുന്നു. പിന്നീട് ഉപരിപഠനത്തിനായി പാലാ സെന്റ് തോമസ് കോളജില്‍ ചേര്‍ന്നപ്പോള്‍ പതിവു വായനാരീതി വിട്ട് യൂറോപ്യന്‍ ലിറ്ററേച്ചറിലേക്ക് മാറി. പിന്നീട് ധ്യാന്‍ ബാഗില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകനായി. ആ കാലഘട്ടത്തില്‍ ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു കൂടുതലും വായിച്ചിരുന്നത്.
എംജി സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ വായിച്ചിരുന്ന പുസ്തകങ്ങളെക്കുറിച്ച് നോട്ടെഴുതാനും തുടങ്ങി. പൊളിറ്റിക്സ്, ഇക്കണോമിക്സ്, സാമൂഹ്യപാഠം, ചരിത്രം തുടങ്ങിയവയെല്ലാം വായനയുടെ ഭാഗമായി. ഇതിനിടെ പണ്ട് വായിച്ചിരുന്ന പുസ്തകങ്ങളെല്ലാം ഒന്നൊന്നായി സ്വന്തമക്കി. ഒപ്പം പുതിയവ തേടിക്കണ്ടുപിടിക്കാനുമായി. ഇതിനിടെ സര്‍വകലാശാലയിലെ ഈവനിംഗ് ബാച്ചില്‍ എല്‍എല്‍ബിക്ക് ചേര്‍ന്നതോടെ നിയമ പുസ്തകങ്ങളും കൂടുതലായി വായിക്കാന്‍ തുടങ്ങി.
പുസ്തകങ്ങള്‍ക്കായി വീട്ടിലുള്ള മുറിയാണ് ബാബു പള്ളിപ്പാട്ടിന്റെ പ്രിയപ്പെട്ട ഇടം. ദിവസം കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വായനയിലൂടെയാണ് കടന്നുപോകുന്നത്. കരിയര്‍ വിദഗ്ധനായ ഇദ്ദേഹം തന്റെ അറിവുകള്‍ പ്രഭാഷണങ്ങളിലൂടെ പുതിയ തലമുറയ്ക്കും പകര്‍ന്നു നല്കുന്നു.
ദീപിക ദിനപത്രത്തില്‍ സര്‍വകലാശാല സംശയങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കോളവും എഴുതുന്നുണ്ട്. കുമാരമംഗലം സ്വദേശിയായ ബാബു പള്ളിപ്പാട്ട് എംജി സര്‍വകലാശാലയില്‍നിന്ന് സെക്ഷന്‍ ഓഫീസറായാണ് വിരമിച്ചത്. ഇപ്പോള്‍ അഭിഭാഷകനായി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്നു. റിട്ട. അധ്യാപിക ലളിതാംബികയാണ് ഭാര്യ. അഭിനീന്ദ്രന്, അഭിറാം, അഭിരാമി എന്നിവരാണ് മക്കള്‍.
Tags : reading Nattuvishesham District News