കൽപ്പറ്റ: ദേശീയപാത 766ല് ബന്ദിപ്പുര വനഭാഗത്ത് പതിറ്റാണ്ടിലധികമായി തുടരുന്ന യാത്രിയാത്രാവിലക്ക് നീക്കുന്നതിന് ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ അധികാര കേന്ദ്രങ്ങളിൽ സമ്മർദം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കേരളം, കർണാടക മുഖ്യമന്ത്രിമാർ, കേന്ദ്ര വനം-പരിസ്ഥിതി, ഉപരിതല ഗതാഗത മന്ത്രാലയങ്ങൾ, സംസ്ഥാന വനം, ഗതാഗത മന്ത്രിമാർ, വയനാട്, ചാമരാജ് നഗർ എംപിമാർ, ബത്തേരി, കൽപ്പറ്റ, ഗുണ്ടൽപേട്ട എംഎൽഎമാർ എന്നിവർക്ക് നിവേദനം നൽകി. 28ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി അസോസിയേഷൻ പ്രതിനിധികൾ നടത്തുന്ന കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിക്കും.
നിരോധനം നീക്കി റോഡ് 24 മണിക്കൂറും ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് നിയമപരവും നയപരവുമായ നടപടികൾ സ്വീകരണണമെന്നാണ് നിവേദനത്തിലെ മുഖ്യആവശ്യമെന്ന് അസോസിയേഷൻ പ്രസിഡന്റ് ചിങ്കിളി അബ്ദുൾ ഖാദർ, ജനറൽ സെക്രട്ടറി ബിജു പി. വർഗീസ്, വൈസ് പ്രസിഡന്റുമാരായ കെ.സി. ഷുക്കൂർ, എം.പി. ഹംസ, യു.പി. ശ്രീജിത്ത്, പി.ടി. നിസാർ, ജോയിന്റ് സെക്രട്ടറി പി.എം. അബ്ദുസമദ്, യൂത്ത് വിംഗ് സെക്രട്ടറി കെ. ഷിനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാത്രിയാത്രാനിരോധന വിഷയത്തിൽ കേരള, കർണാടക സർക്കാരുകൾ സംയുക്തമായി ഇടപെടുക, ഇരു സർക്കാരുകളുടെയും പ്രതിനിധികൾ അടങ്ങുന്ന സംഘം പ്രശ്നം ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുമായി ചർച്ച ചെയ്യുക, റോഡ് നിലവിലേതുപോലെ തുറന്നുകൊടുക്കുന്നതിന് നിയമതടസം ഉണ്ടെങ്കിൽ എലിവേറ്റഡ് ഹൈവേ ഉൾപ്പടെ പരിസ്ഥിതി സൗഹൃദ ബദൽ സംവിധാനങ്ങളുടെ സാധ്യത പരിശോധിക്കുക,
വന്യജീവി സംരക്ഷണവും യാത്രാസൗകര്യവും ഉറപ്പാക്കുന്ന ദീർഘകാല പദ്ധതി തയാറാക്കുക, ബന്ധപ്പെട്ട അധികാരികളുടെ സമിതി രൂപീകരിച്ച് വ്യാപാരികൾ, പൊതുജനങ്ങൾ, യാത്രക്കാർ, വിദ്യാർഥികൾ, ആരോഗ്യപ്രവർത്തകർ, പരിസ്ഥതി വിദഗ്ധർ എന്നിവരെ കേൾക്കുന്നതിന് യോഗം വിളിക്കുക, വിഷയത്തിൽ സ്വീകരിക്കുന്ന നടപടികൾ, പഠനങ്ങളുടെ പുരോഗതി, തുടർ നടപടികളുടെ സമയക്രമം എന്നിവ പൊതുജനങ്ങളെ അറിയിക്കുക എന്നിവ നിവേദനത്തിലെ മറ്റാവശ്യങ്ങളാണ്.
വയനാടിനെ കർണാടകയെയും ബന്ധിക്കുന്ന പാതകളിൽ പ്രധാനപ്പെട്ടതാണ് ദേശീയപാത 766. ജില്ലയിലെ ജനങ്ങളുടെ ദൈനംദിന ജീവിതം, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, വിനോദസഞ്ചാരം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിൽ ഈ പാതയ്ക്ക് നിർണായക സ്ഥാനമുണ്ട്. എന്നിരിക്കേ രാത്രിയാത്രാ നിരോധനത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം അനിവാര്യമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Tags :