ബത്തേരി മാനിക്കുനി ഉൗരിൽ ചൂൽ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗോത്രവർഗക്കാർ.
സുൽത്താൻ ബത്തേരി: തുലാമഴ ശക്തമായതോടെ തൊഴിലിടങ്ങളിൽ പണിയില്ലാതായപ്പോൾ ഉപജീവനത്തിന് പുതിയ വഴി തേടുകയാണ് ബത്തേരി മാനിക്കുനിയിലെ ഗോത്രവർഗക്കാർ. മഴയും കാലാവസ്ഥാ വ്യതിയാനവും തോട്ടം മേഖലയിലെ തൊഴിൽസാധ്യതകൾ കുറഞ്ഞതും തൊഴിലാളികളെ തേടി എത്തുന്നവരുടെ എണ്ണം കുറഞ്ഞതുമാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ വഴിയോരങ്ങളിൽനിന്ന് കുറുന്തോട്ടി ഇനത്തിൽപ്പെട്ട സസ്യങ്ങൾ ശേഖരിച്ച് ഉണക്കി ചൂലുകൾ നിർമിച്ച് വിൽക്കുകയാണ് പലരും.
50ലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മാനിക്കുനി ഉൗരിൽ തൊഴിലില്ലായ്മ വലിയ പ്രതിസന്ധിയാണ്. ടൗണിനോട് ചേർന്നുള്ള ഉൗരായതിനാൽ സമീപപ്രദേശങ്ങളിലെ വിവിധ ജോലികൾ ചെയ്തും തോട്ടങ്ങളിൽ പണിയെടുത്തുമാണ് പല കുടുംബങ്ങളും ഉപജീവനം കണ്ടെത്തിയിരുന്നത്. എന്നാൽ മഴക്കാലത്ത് പുറംജോലികൾ കുറഞ്ഞതോടെ കുടുംബങ്ങളുടെ വരുമാനവും നിലച്ചു. സ്ഥിരമായ തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലിയെന്ന നിലയിലാണ് ചൂൽ നിർമാണത്തിലേക്ക് തിരിഞ്ഞത്.
റോഡരികുകളിൽ വളരുന്ന കുറുന്തോട്ടി ഇനത്തിൽപ്പെട്ട സസ്യങ്ങൾ ശേഖരിച്ച് ആവശ്യത്തിന് ഉണക്കിയശേഷമാണ് ചൂലുകൾ കെട്ടിയൊരുക്കുന്നത്. ഏകദേശം അഞ്ചുദിവസം ഉണക്കാൻ വേണ്ടിവരും. മഴയും അന്തരീക്ഷത്തിലെ ഈർപ്പവും കൂടുതലുള്ള സമയത്ത് ഉണക്കൽ പ്രക്രിയയും പ്രയാസകരമാണ്.
ഒരു ചൂലിന് 60 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഒരാൾക്ക് ഒരു ദിവസം പത്തോളം ചൂലുകൾ നിർമിക്കാൻ കഴിയും. ഇങ്ങനെ പരമാവധി പത്ത് ചൂലുകൾ വിറ്റാൽ 600 രൂപയുടെ വരുമാനം ലഭിക്കുമെങ്കിലും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും നിർമാണത്തിന് ആവശ്യമായ സമയവും വിൽപനയും അനുസരിച്ചാണ് യഥാർഥ വരുമാനം. വഴിയോരങ്ങളിലാണ് പ്രധാനമായും വിൽപ്പന നടത്തുന്നത്. കൂടാതെ കോളനിയിലെ സ്ഥിരം ഉപഭോക്താക്കളും ചൂലുകൾ വാങ്ങാനെത്തുന്നുണ്ട്.
ചൂൽനിർമാണം തുടരുന്നതിനും ആവശ്യത്തിന് വരുമാനം കണ്ടെത്തുന്നതിനും പ്രധാന തടസം അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ്. കാടും വഴിയോരങ്ങളും വെട്ടിത്തെളിക്കുന്നതോടെ ചൂൽ നിർമാണത്തിന് ഉപയോഗിക്കുന്ന കുറുന്തോട്ടി ഇനത്തിൽപ്പെട്ട സസ്യങ്ങൾ കുറഞ്ഞുവരുന്നതായി തൊഴിലാളികൾ പറയുന്നു. സാധാരണയായി ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ചൂൽ നിർമാണത്തിന് അനുയോജ്യമായ രീതിയിൽ സസ്യങ്ങൾ ലഭിക്കുന്നത്. ഈ കാലയളവിൽ ശേഖരിച്ച് ഉണക്കി സൂക്ഷിച്ചാൽ മാത്രമേ തുടർന്നുള്ള ദിവസങ്ങളിൽ നിർമാണം നടത്താൻ കഴിയൂ.
കാലാവസ്ഥാ വ്യതിയാനവും തൊഴിൽ ലഭ്യതയിലെ അനിശ്ചിതത്വവും ഒരുപോലെ ബാധിക്കുന്ന സാഹചര്യത്തിൽ ചൂൽനിർമാണം ഇവർക്ക് താത്കാലിക ആശ്വാസമാണ്.
Tags :