പ്രതീകാത്മക ചിത്രം
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ സംയുക്ത പരിശോധനയിൽ വൻതോതിൽ മാരക ലഹരിമരുന്നുകളായ ഹെറോയിനും കഞ്ചാവും പിടികൂടി.
സംഭവത്തിൽ പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ റാണിനഗർ വില്ലേജിൽ ചാതോർ ഗ്രാമത്തിലെ സാഹിബ് അലി (31) യെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 38 ഗ്രാം ഹെറോയിനും 1.981 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
എക്സൈസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായാണ് നടപടി. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.എച്ച്. രാജീവിന്റെ നേതൃത്വത്തിലുള്ള എക്സൈസും ചെങ്ങന്നൂർ ആർപിഎഫും സംയുക്തമായാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്.
ഫസ്റ്റ് ക്ലാസ് എസി കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്താണ് പ്രതി മയക്കുമരുന്ന് കടത്തിയിരുന്നത്.
ആഴ്ചയിൽ രണ്ടുതവണ വീതം ബംഗാളിലെ മാൽഡയിൽ നിന്നും കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മാന്നാർ, തിരുവല്ല, ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരി എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയാണ് സാഹിബ് അലി.
പരിശോധനാ സംഘത്തിൽ ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർമാരായ കെ. എച്ച്. രാജീവ് , ജോഷി ജോൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ശിഹാബ്, ബാബു ഡാനിയേൽ, ജോജൻ ജോൺ, പ്രിവന്റീവ് ഓഫീസർ പി . ആർ . ബിനോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ കുമാർ, താജുദ്ദീൻ, ശ്രീജിത്ത്, വിഷ്ണു വിജയൻ, ആർപിഎഫ് ഉദ്യോഗസ്ഥരായ വിപിൻ, മനോജ് എന്നിവർ പങ്കെടുത്തു.
Tags : arrested NattuVishasham DistrictNews