കലോത്സവം സർഗവസന്തത്തിന് വിവേകാനന്ദ വിദ്യാമന്ദിറിൽ ചലച്ചിത്ര സംവിധായകൻ ജി.മാർത്താണ്ഡൻ തിരിതെളിക്കുന്നു.
വൈക്കം: ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവം സർഗ വസന്തത്തിന് വൈക്കത്ത് തുടക്കമായി. ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിറിൽ നടക്കുന്ന കലോത്സവത്തിന് ഇന്നലെ രാവിലെ 9.45ന് ചലച്ചിത്ര സംവിധായകൻ ജി. മാർത്താണ്ഡൻ തിരിതെളിച്ചു.മനസിൽ നന്മയുള്ളവർക്ക് ദൈവീകമായി ലഭിക്കുന്ന വരദാനമാണ് കലയെന്നും അത് സ്ഫുടം ചെയ്തെടുക്കാൻ കലോത്സവങ്ങൾ സഹായകരമാണെന്നും മാർത്താണ്ഡൻ അഭിപ്രായപ്പെട്ടു.
സ്കൂളിലെ രണ്ട് ഓഡിറ്റോറിയങ്ങൾക്ക് പുറമെ ചാലപ്പറമ്പ് എസ്എൻഡിപി സ്കൂളിലെ ഓഡിറ്റോറിയത്തിലടക്കം ഏഴ് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. സംഗീതം, നൃത്തം, നാടകം തുടങ്ങിയ ഇനങ്ങൾ പ്രധാന വേദിയിലാണ് നടക്കുന്നത്.ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള 19 വിദ്യാലയങ്ങളിൽ നിന്നായി 2000ത്തോളം വിദ്യാർഥികളാണ് 95 കലാമത്സര ഇനങ്ങളിൽ പങ്കെടുക്കുന്നത്.
ഒന്ന്, രണ്ട് ക്ലാസുകളിലുള്ളവർക്ക് പ്രാഥമിക്, മൂന്ന്, നാല്, അഞ്ച് ക്ലാസുകാർക്ക് ബാല, ആറ് ഏഴ് ക്ലാസുകളിലുള്ളവർക്ക് ശിശു 8,9,10 ക്ലാസുകാർക്ക് കിഷോർ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മത്സരങ്ങൾ നടത്തുന്നത്. രാത്രി എട്ടിന് മത്സരങ്ങൾ സമാപിക്കും.ഇന്ന് സമാപന സമ്മേളനം കെ. ബിനി മോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.സ്കൂൾ ചെയർമാൻ വി.ആർ ചന്ദ്രശേഖരൻ നായർ, വൈസ് ചെയർമാൻ കെ. ശിവപ്രസാദ് പ്രോഗ്രാം കൺവീനർ ടി.എസ്. ഹരിദാസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു പ്രസാദ്, ഫിനാൻസ് കൺവീനർ ബി. പാർത്ഥസാരഥി, പബ്ലിസിറ്റി കൺവീനർ ആർ. സുരേഷ് ബാബുഎന്നിവർ കലോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.