അമ്പലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് താറാവുകളെ വളർത്തിയ കർഷകർ പ്രതിസന്ധിയിൽ. അമ്പലപ്പുഴയിൽ പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട്, തകഴി പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകൾ ചത്തൊടുങ്ങിയത്.
പുറക്കാട് പഞ്ചായത്ത് ആറാം വാർഡിൽ അറുപതിൽച്ചിറ വീട്ടിൽ ജെയ്യുടെ ഉടമസ്ഥതയിലുള്ള താറാവിനാണ് 15 ദിവസം മുമ്പ് രോഗലക്ഷണം ആദ്യം കണ്ടത്. ആകെ ഉണ്ടായിരുന്ന പതിനായിരത്തോളം താറാവുകളിൽ 5000 ത്തോളം താറാവുകളാണ് ചത്തൊടുങ്ങിയത്.
എഴുപത്തെട്ടു ദിവസം പ്രായമായ താറാവുകളാണ് ചത്തത്. തുടർന്ന് തിരുവല്ല മഞ്ഞാടിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ നിർദേശിച്ച മരുന്ന് നൽകിയതിനുശേഷം ബാക്കിയുള്ള പക്ഷികളിലേക്ക് രോഗം പകർന്നിരുന്നില്ലെന്ന് ജയ് പറയുന്നു. എന്നാൽ, മരുന്നിനു മാത്രം ഒരുലക്ഷം രൂപയോളം ചെലവു വന്നു. ഇദ്ദേഹത്തിന്റെ സഹോദരൻ ബാബുവിന്റെ താറാവുകളും കഴിഞ്ഞദിവസം മുതൽ ചത്തുതുടങ്ങി. തകഴി എ- ബ്ലോക്കിൽ തീറ്റയ്ക്ക് കൊണ്ടുവന്ന 12,500 ഓളം താറാവുകളിൽ 7,000 ത്തോളം താറാവുകൾ ചത്തു.
അമ്പലപ്പുഴ വടക്ക് വണ്ടാനം മുക്കയിൽ ഹരി, അജിമോൻ എന്നിവരുടെ താറാവുകളും ചത്തു. കഴിഞ്ഞ ആഴ്ച മുതലാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
പുന്നപ്ര തെക്ക് പൊന്നാകരി പാടശേഖരത്തിൽ തീറ്റക്കായി കൊണ്ടുവന്ന താറാവുകളാണ് ഇരുവരുടെയും. ഹരിക്ക് 13,000 ത്തോളം താറാവുകളാണ് ഉണ്ടായിരുന്നത്.
ഇതിൽ 2000ത്തോളം താറാവുകൾ രോഗം ബാധിച്ച് ചത്തു. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ തിരുവല്ല മഞ്ഞാടിയിലെ ലാബിൽ താറാവുകളെ കൊണ്ടുപോയി പരിശോധന നടത്തിയിരുന്നു. തുടർന്ന് നിർദേശിച്ച ചികിത്സകൾ നൽകിയെങ്കിലും രോഗം മറ്റു താറാവുകളിലേക്കും പകരുകയായിരുന്നു.
എന്നാൽ, രോഗം എന്തെന്ന് ലാബിൽനിന്നും വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ അഞ്ചു ദിവസം മുമ്പ് പുന്നപ്ര മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരെത്തി ചത്തതും ജീവനുള്ളതുമായ അഞ്ചു വീതം താറാവുകളെ പരിശോധനയ്ക്കായി കൊണ്ടുപോയി.
എന്നാൽ, അതിന്റെ പരിശോധനാഫലം ഇതുവരെ ലഭിക്കുകയോ വിവരങ്ങൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹരി പറഞ്ഞു. അജിമോന് 7000ത്തോളം താറാവുകളാണുണ്ടായിരുന്നത്. പൊന്നാകരിയിലാണ് താറാവുകളെ തീറ്റയ്ക്കായി കൊണ്ടുവന്നത്.
ഇതിൽ 2000ത്തോളം താറാവുകളാണ് ചത്തത്. രണ്ടാം കൃഷികഴിഞ്ഞ് വെള്ളം കയറ്റിയിടുന്ന പല പാടശേഖരങ്ങളും കരാർ എടുത്താണ് താറാവിനെ തീറ്റിക്കാൻ ഇറക്കാറുള്ളത്.
പാടശേഖരത്തിൻ്െ വലിപ്പമനുസരിച്ച് തുകയിൽ വ്യത്യാസം വരും. വൻ തുകയ്ക്ക് കരാറെടുത്താണ് താറാവിനെ തീറ്റയ്ക്കായി ഇറക്കിയത്.
പക്ഷിപ്പനി ബാധിച്ചവയും അല്ലാത്തതുമായ താറാവുകളെ കൊന്നൊടുക്കാൻ ജില്ലാ കളക്ടർ അലക്സ് വഗീസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരമാനിച്ചു.
പുന്നപ്ര തെക്കിൽ തീറ്റയ്ക്കായി കൊണ്ടുവന്ന താറവുകളിൽ 5672 താറാവുകളെയും അമ്പലപ്പുഴ തെക്കിലെ 4000 ത്തോളവും പുറക്കാട് 4000വും തകഴിയിൽ 305 താറാവുകളെയും കൊന്നു നശിപ്പിക്കും.