തൊടുപുഴ നഗരസഭ കൗണ്‍സിലില്‍ ഇന്നലെ അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം.
തൊടുപുഴ: നഗരസഭയില്‍ ഇന്നലെ നടന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണസമിതിയിലെ ഭിന്നത മറനീക്കി. തനത് ഫണ്ടില്‍നിന്ന് ഫെബ്രുവരിയില്‍ 7.70 ലക്ഷം രൂപയുടെ ചെക്ക് മാറിയതു സംബന്ധിച്ച് ഉയര്‍ന്ന തര്‍ക്കമാണ് വലിയ വാഗ്വാദത്തിനും തര്‍ക്കത്തിനും വഴിവച്ചത്. ചെയര്‍പേഴ്സണ്‍ സാബിറ ജലീലിനെതിരേ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ കടുത്ത ആരോപണവുമായി രംഗത്തെത്തി. നഗരസഭാ ഫണ്ട് വിനിയോഗം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ഇന്നലെ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഇതിനിടെ ചെയര്‍പേഴ്സണെതിരേ കൈക്കൂലി ആരോപണവും യുഡിഎഫ് പക്ഷത്തുനിന്നും ഉയര്‍ന്നതോടെയാണ് വിഷയം സങ്കീര്‍ണമായത്.
അക്കൗണ്ടന്റും കൈക്കൂലിക്കേസില്‍ പിടിയിലായ സെക്രട്ടറിയും ചേര്‍ന്നാണ് ചെക്ക് മാറിയതെന്നാണ് സൂചന. എന്നാല്‍ ഗ്രീന്‍ കേരള പദ്ധതിയിലേക്കാണ് പണം നല്‍കിയതെന്നു വിവരമുണ്ട്. ലീഗ് അംഗമായ മുന്‍ ചെയര്‍പേഴ്സണ്‍ കരാറുകാരില്‍നിന്ന് കൈക്കൂലി വാങ്ങുന്നതായും ആരോപിച്ചു. മറ്റൊരു ലീഗ് അംഗമായ മുന്‍ ചെയര്‍പേഴ്സണ്‍ ഇതിനെ പിന്തുണയ്ക്കുകയും തെളിവുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തതോടെ തര്‍ക്കം രൂക്ഷമാകുകയായിരുന്നു. ഭരണകക്ഷിയിലെ ചുരുക്കം അംഗങ്ങള്‍ മാത്രമാണ് വിഷയത്തില്‍ ചെയര്‍പേഴ്സണോടൊപ്പം നിന്നതെന്നാണ് വിവരം.
ഇതിനുപുറമേ നഗരസഭയിലെ ഔദ്യോഗിക ഫോണില്‍നിന്ന് ഒരേ നമ്പരിലേക്ക് കോളുകള്‍ പോകുന്നതായി തുടക്കത്തില്‍ ചെയര്‍പേഴ്സണ്‍ പരാതിപ്പെട്ടിരുന്നു.
ഏറെ നേരം ഫോണ്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഫോണ്‍ ഉപയോഗിച്ച ജീവനക്കാരിയെ സീറ്റില്‍നിന്ന് മാറ്റണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ പരിശോധനയില്‍ മറ്റൊരു ഓഫിസിലെ മേലുദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് വ്യക്തമായി. മാസങ്ങളായി സെക്രട്ടറിയും അക്കൗണ്ടന്റും ഇല്ലാത്തതിനാല്‍ ഫയലുകളിലെ സംശയം തീര്‍ക്കാനാണ് ഫോണ്‍ ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തിലും ചെയര്‍പേഴ്സണെതിരേ യുഡിഎഫിലെ ഒരു വിഭാഗം അംഗങ്ങളെത്തി. അജണ്ടയില്ലാത്തതിനാല്‍ രണ്ടു വിഷയങ്ങളിലും തീരുമാനമെടുക്കാതെ പിരിഞ്ഞു.
യുഡിഎഫിന് അധികാരം ലഭിച്ച് സാബിറ ജലീല്‍ ചുമതലയേറ്റെടുത്തപ്പോള്‍ മുതല്‍ നഗരസഭയില്‍ ഭരണസ്തംഭനവും ഉദ്യോഗസ്ഥ ഭരണവുമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. പല കാര്യങ്ങളിലും ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും അംഗങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നത് ഭരണത്തെതന്നെ ബാധിക്കുന്ന സ്ഥിതിയാണ്.
ചെയര്‍പേഴ്സൺ പ്രതിനിധാനം ചെയ്യുന്ന നഗരസഭയില്‍ തെരുവുവിളക്ക് വിഷയത്തില്‍പോലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. നഗരവികസനത്തിന് ഗുണകരമാകുന്ന പദ്ധതികള്‍ സമയബന്ധിതമായി തീര്പ്പാക്കാനാകുന്നില്ലെന്ന പരാതിക്കൊപ്പം അഴിമതി ആരോപണവും ഉയര്‍ന്നതോടെ വരും ദിവസങ്ങളില്‍ പ്രശ്നം കൂടുതല്‍ കലുഷിതമാകുമെന്നാണ് സൂചന.