പയ്യാവൂർ: തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർ പഞ്ചായത്തിലുള്ള ആനയടിപാലം, കണ്ടകശേരി പാലം, വണ്ണായിക്കടവ് പാലം, മുത്താറിപാലം എന്നിവ അപകടാവസ്ഥയിലാണെന്നും പ്രദേശവാസി കൾ നിലവിൽ സുരക്ഷിതമല്ലാത്ത രീതിയിലുള്ള മരപ്പാലങ്ങൾ ഉപയോഗിക്കുകയാണെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ പാലങ്ങളിലൂടെയുള്ള സർവവിധ ഗതാഗതവും നിരോധിക്കാനും നിയന്ത്രിക്കാനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അടിയന്തര നിർദേശം നൽകി. 2005ലെ ദുരന്തനിവാരണ നിയമത്തിലെ 30 (2) 34(a), 34(b), 34(c), 34(m) എന്നീ വകുപ്പുകൾ പ്രകാരമാണ് ഈ ഉത്തരവ്.
ആനയടിപാലം
പയ്യാവൂർ പഞ്ചായത്തിലെ മാവുംതോട് നിന്ന് ആനയടി, ഏറ്റുപാറ എന്നീ പ്രദേശങ്ങളിലേക്കുള്ള പ്രധാന ഗതാഗതമാർഗമായ മാവുംതോട്-ആനയടിപാലം ശക്തമായ മഴയുടെയും പുഴയിലെ കുത്തൊഴുക്കിന്റെയും ഫലമായി പൂർണമായും തകർന്ന് പുഴയിലേക്ക് അമർന്നുപതിച്ചിരിക്കുകയാണ്. തകർന്ന പാലത്തിന്റെ മാവുംതോട് ഭാഗത്തുനിന്ന് പുഴയിലേക്ക് അമർന്നിരിക്കുന്ന കോൺക്രീറ്റ് ഭാഗത്തേക്ക് പ്രദേശവാസികൾ സ്വന്തംനിലയിൽ കമുകിന്റെ തടികളും മറ്റ് താത്കാലിക സാമഗ്രികളും ഉപയോഗിച്ച് ഒരുതാത്കാലിക നടപ്പാലം ഒരുക്കിയിരിക്കുകയാണ്. ഇതുവഴിയാണ് വിദ്യാർഥികളും പൊതുജനങ്ങളും ജീവൻ പണയം വച്ച് യാത്ര ചെയ്യുന്നത്.
കർണാടകവനമേഖലയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്ഥലമായതിനാൽ വനമേഖലയിൽ ശക്തമായ മഴയോ ഉരുൾപൊട്ടലോ ഉണ്ടായാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പുഴയിൽ ശക്തമായ കുത്തൊഴുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ തകർന്ന പാലത്തിലൂടെയും താത്കാലിക നടപ്പാലത്തിലൂടെയുമുള്ള യാത്ര വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ജീവന് ഗുരുതരമായ ഭീഷണിയുർത്തുന്നു. പൂർണമായും തകർന്ന ആനയടി പാലത്തിലൂടെയും താത്കാലികപാലത്തിലൂടെയുമുള്ള എല്ലാവിധ ത്തിലുള്ള യാത്രയും നിരോധിക്കുന്നതിനും ആവശ്യമായ മുന്നറിയിപ്പു ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കുന്നതിനുമുള്ള നടപടി പഞ്ചായത്തും പൊലിസ് അധികൃതരും സ്വീകരിക്കണം.
കണ്ടകശേരിപാലം
കണ്ടകശേരിപാലത്തിന്റെ മധ്യഭാഗത്ത് ഏകദേശം10 മീറ്റർ നീളത്തിൽ കൈവരികൾ പൂർണമായും തകർന്നതിനാൽ വാഹന-കാൽനടയാത്രക്കാരുടെ സൂരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനാൽ കണ്ടകശേരിപാലത്തിലൂടെയുള്ള ബസുകൾ, ചരക്കുവാഹനങ്ങൾ (ഹെവി മോട്ടോർ വാഹനങ്ങൾ) എന്നിവയുടെ ഗതാഗതം അടിയന്തരമായി പൂർണമായും നിരോധിക്കുന്നതിനും ചെറിയ വാഹനങ്ങൾ (ലൈറ്റ് മോട്ടോർ വാഹനങ്ങൾ), ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ ഗതാഗതവും കാൽനടയാത്രയും ജാഗ്രതനിർദേശങ്ങൾ പാലിച്ചുകൊണ്ട് അനുവദിക്കുന്നതിനും ആവശ്യമായ മൂന്നറിയിപ്പുബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കുന്ന തിനുമുള്ള നടപടി പയ്യാവൂർ പഞ്ചായത്തും പൊലിസ് അധികൃതരും സ്വീകരിക്കണം. ചെറിയവാഹനങ്ങൾ പാലത്തിന്റെ അപകടകരമല്ലാത്ത ഭാഗത്തിലൂടെ ഒരേസമയം ഒരുവശത്തുകൂടി മാത്രം വേഗത കുറച്ച് സഞ്ചരിക്കണം. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തകർന്ന കൈവരികൾക്ക് പകരം അനുയോജ്യമായ താത്കാലിക സുരക്ഷാകൈവരികൾ പഞ്ചായത്ത് അധികൃതർ സ്ഥാപിക്കണം.
വണ്ണായിക്കടവ് പാലം
വണ്ണായിക്കടവ്പാലം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും വലിയമരങ്ങൾ ഒഴുകിയെ ത്തിയതിനെ തുടർന്നും ഗുരുതരമായ കേടുപാടു സംഭവിച്ച നിലയിലാണ്. പാലത്തിന്റെ ഇരുവശങ്ങളി ലുമുള്ള കൈവരികൾ പൂർണമായും തകർന്നിട്ടുണ്ട്. നിലവിൽ കൈവരികളില്ലാത്ത വണ്ണായിക്കടവ് പാലത്തിലൂടെയുള്ള കാൽനടയാത്രയും വാഹനഗതാഗതവും ഗണ്യമായി അപകടസാധ്യത വർധിപ്പിക്കുന്നതിനാൽ പയ്യാവൂർ പഞ്ചായത്ത് അധികൃതർ അടിയന്തരമായി അനുയോജ്യമായ താത്കാലിക സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
പാലത്തിന്റെ ഘടനാപരമായ അവസ്ഥ കണക്കിലെടുത്ത് ഹെവി മോട്ടോർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹ നങ്ങളുടെ ഗതാഗതം പൂർണമായും നിരോധിക്കുന്നതിനുള്ള നടപടി പഞ്ചായത്തും പൊലിസ് അധികൃതരും സ്വീകരിക്കണം.
മുത്താറി പാലം
പൈപ്പ് കൾവർട്ട് രൂപത്തിലുള്ള മുത്താറിപാലത്തിന്റെ നിലവിലുള്ള എട്ട് ഹ്യൂം പൈപ്പുകളിൽ താഴത്തെ നിരയിലെ നാല് പൈപ്പുകളുടെയുള്ളിൽ മണ്ണ്, മാലിന്യങ്ങൾ, അവശിഷ്ടങ്ങൾ എന്നിവ അടിഞ്ഞുകൂടി യതിനാൽ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ നിലയിലാണ്. ഇതിന്റെ ഫലമായി ജലസമ്മർദ്ദം ഒരുവശ ത്തുള്ള പൈപ്പുകളിൽ വർധിച്ച് കൾവർട്ട് പൂർണമായും തകർന്ന് ഒഴുകിപ്പോകുകയും ആ ഭാഗത്തെ റോഡ് പൂർണമായി ഒലിച്ചു പോകുകയുമുണ്ടായി. വാഹനഗതാഗതത്തിനോ കാൽനടയാത്രയ്ക്കാ അനുയോജ്യമല്ലാത്ത അവസ്ഥയിലായതിനാൽ മുത്താറിപാലത്തിൽ പുതിയ കൾവെർട്ട് നിർമിച്ച് ഗതാഗതയോഗ്യമാക്കുന്നതുവരെ ഈ ഭാഗത്ത് വാഹനഗതാഗതവും കാൽനടയാത്രയും പൂർണമായും നിരോധിക്കുന്നതിനും ആവശ്യമായ ബാരിക്കേഡുകളും അപായമുന്നറിയിപ്പ്ബോർഡുകളും സ്ഥാപിക്കുന്നതിനുമുള്ള അടിയന്തര നടപടി പയ്യാവൂർ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണം.
Tags : NattuVishesham.DistricteNews