മന്ത്രി രമേശ് ചെന്നിത്തല സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് മിഠായിപ്പൊതി സമ്മാനമായി നൽകുന്നു.
കോഴിക്കോട്: അഴിമതിക്കെതിരെ സധൈര്യം വിസില്‍ മുഴക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ അഴിമതിരഹിതവും സുതാര്യവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ യുവാക്കളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച പ്രോജക്ട് സീറോ വിജിലന്‍സ് കമാന്‍ഡോ പദ്ധതിയുടെ കോഴിക്കോട് റേഞ്ച്തല ഉദ്ഘാടനം വെള്ളിമാടുകുന്ന് ജിഡിടി ഇസ്ലാം ക്യാമ്പസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ നിന്ന് അഴിമതി പൂര്‍ണമായി തുടച്ചുനീക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഒപ്പമുണ്ടെന്നും അതിലേക്കുള്ള ഉറച്ച ചുവടുവെപ്പാണ് പ്രോജക്ട് സീറോ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ പണം നല്‍കണമെന്ന ജനങ്ങള്‍ക്കിടയിലുള്ള തെറ്റായ ചിന്താഗതിക്ക് മാറ്റം വരേണ്ടതുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും, അത് നേടിയെടുക്കാന്‍ കൈക്കൂലി നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരിപാടിയോടനുബന്ധിച്ചുള്ള ക്യാമ്പയിന് ബാഡ്ജ് വിതരണവും വീഡിയോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.സദസിന് അഴിമതിക്കെതിരെയുള്ള പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.ചടങ്ങില്‍ കെ. ജയന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു.പദ്ധതിയുടെ പ്രചാരണാര്‍ത്ഥം അഴിമതിക്കെതിരെ സന്ദേശമുയര്‍ത്തി നേരിന്റെ ചുവടുകള്‍' എന്ന പേരിലുള്ള നൃത്തശില്പവും ജീവിതത്തിന് വിലങ്ങു തീര്‍ത്തവര്‍ എന്ന നാടകവും അരങ്ങേറി. പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ള യുവാക്കള്‍ക്ക് www.vigilance.kerala.gov.in എന്ന വെബ്സൈറ്റ് വഴി വിജിലന്‍സ് കമാന്‍ഡോ' ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.