കെ. ഖാദറിന്റെ വീട്ടുമതിൽ തകർന്നു ചെളി കയറിയ നിലയിൽ.
മട്ടന്നൂർ: കോടികൾ ചെലവിട്ടു കനാൽ നവീകരിച്ചു വെള്ളം ഒഴുകി തുടങ്ങിയതോടെ വീണ്ടും കനാൽ തകർന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. നവീകരണത്തിനുശേഷം ഒരുവർഷം മുമ്പാണു കനാൽ വഴി ജലസേചനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം തകർന്ന കനാലിന് അടുത്തായി 300 മീറ്റർ അകലെയാണ് ആറുവർഷം മുമ്പ് കനാൽ തകർന്നിരുന്നത്. 2019 ഓഗസ്റ്റിലാണു കനത്ത മഴയിൽ പഴശി ജലസേചന പദ്ധതിയുടെ പ്രധാന കനാൽ തകരുകയും റോഡ് നെടുകെ പിളരുകയും ചെയ്തത്.
വളയാൽ കനാൽ റോഡിലെ കാരയിൽ റോഡിന്റെ മധ്യഭാഗം തകർന്ന് ഒഴുകിപ്പോകുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപയാണു പ്രവൃത്തിക്ക് സർക്കാർ അനുവദിച്ചത്. കീഴല്ലൂർ, തെളുപ്പ്, വേങ്ങാട്, അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കു വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരുന്ന വഴിയാണിത്. വെങ്ങലോട്, തെളുപ്പ് ഭാഗങ്ങളിലുള്ളവർ കനാൽ റോഡ് തകർന്നതോടെ ഒറ്റപ്പെട്ട നിലയിലായിരുന്നു.
മൂന്നുവർഷത്തോളം കാത്തിരുന്ന ശേഷമാണു റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയത്. ഇതിടെയാണു വീണ്ടും റോഡും കനാലും തകർന്നത്. വർഷങ്ങൾ പഴക്കമുള്ള കനാൽ വിവിധയിടങ്ങളിൽ ചോർച്ചയും തകർച്ചയുമുണ്ടായിരുന്നു. ഇവയൊക്കെ പരിഹരിച്ചാണു കൃഷിയിടങ്ങളിലേക്കു വെള്ളം എത്തിക്കുന്നതിന് ജലസേചനം ആരംഭിച്ചത്.
ദുരിതബാധിതർക്ക് പ്രത്യേക പാക്കേജ് വേണം
മട്ടന്നൂർ: പ്രധാന കനാൽ തകർന്നു വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വി.കെ. സനോജ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആവശ്യം. സ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഴശി ഇറിഗേഷൻ എൻജിനീയർമാർക്കും നാശനഷ്ടങ്ങൾ വിലയിരുത്തി റവന്യൂ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
കനാലിന്റെ ഭാഗമായുള്ള ബാക്കി തുരങ്കങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് തയ്യാറാക്കാൻ റവന്യൂ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വകുപ്പ് മന്ത്രി മോൻസ് ജോസഫുമായി സംസാരിച്ചതായും പഴശി പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും വി.കെ. സനോജ് എംഎൽഎ പറഞ്ഞു.
Tags : Nattuvishesham Local News Canal collapse hardship locals