അപകടത്തിൽപെട്ട കാർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാറ്റുന്നു.
കാക്കനാട്: മെട്രോ റെയിൽ പദ്ധതിക്കായി റോഡരികിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഷീൽഡിൽ കാർ ഇടിച്ചതിനെ തുടർന്ന് കാക്കനാട്-എറണാകുളം റൂട്ടിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിക്ക് സമീപമായിരുന്നു അപകടം. കാക്കനാട് ഭാഗത്തുനിന്ന് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടു നീങ്ങിയ കാർ റോഡിന് കുറുകെ കിടന്നതോടെയാണ് ഗതാഗതം തടസപ്പെട്ടത്.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കാക്കനാട് മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന സമയത്തായിരുന്നു അപകടം. കാറിന്റെ മുൻഭാഗത്തെ ടയറുകൾ പൊട്ടി. കാറോടിച്ചിരുന്ന വീട്ടമ്മ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മെട്രോ റെയിൽ പദ്ധതിക്കായി സ്ഥലത്തെത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കാർ റോഡിൽനിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags : Nattuvishesham Districtnews Deepikanews traffic stalled