കല്ലൂര്‍ ടൗണിനടുത്ത് വിളവെടുപ്പിന് പാകമായ പൂപ്പാടം.
ഓണവിപണി ലക്ഷ്യമിട്ട കര്‍ഷകര്‍ക്ക് നഷ്ടം
സുല്‍ത്താന്‍ ബത്തേരി: ഓണവിപണി ലക്ഷ്യമിട്ട് വയനാട്ടില്‍ നടത്തിയ ചെണ്ടുമല്ലിപ്പൂ കൃഷി കാലാവസ്ഥ വ്യതിയാനം മൂലം കര്‍ഷകര്‍ക്ക് നഷ്ടക്കണക്കായി.
ഓണം മുന്നില്‍ക്കണ്ട് മാസങ്ങള്‍ക്കു മുമ്പ് വിവിധ നിറങ്ങളിലുള്ള ചെണ്ടുമല്ലി തൈകള്‍ നട്ട് പരിപാലിച്ച കര്‍ഷകര്‍ക്ക് പൂക്കള്‍ കൃത്യസമയത്ത് ലഭിക്കാതെ വന്നതാണ് തിരിച്ചടിയായത്. പൂവിട്ടതിന് ആവശ്യത്തിന് വിപണി ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇത്തവണ വന്‍തോതിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.
അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ള നഴ്സറികളില്‍ നിന്നും തൈകള്‍ വാങ്ങിയാണ് കൂടുതല്‍ കര്‍ഷകരും കൃഷിയിറക്കിയത്. അയല്‍ക്കൂട്ടങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സാംസ്കാരിക-സാമൂഹിക സംഘടനകള്‍ തുടങ്ങിയവയും ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കൃഷി നടത്തിയിരുന്നു. ഓണത്തിന് മുന്നോടിയായി പൂക്കള്‍ വിളവെടുക്കാന്‍ കഴിയുന്ന തരത്തിലാണ് കൃഷി ക്രമീകരിച്ചിരുന്നത്. എന്നാല്‍ മഴയുടെ കുറവും കാലാവസ്ഥയിലെ വ്യതിയാനവും ചെടികളുടെ വളര്‍ച്ചയെയും പൂവിടലിനെയും പ്രതികൂലമായി ബാധിച്ചു.
ജില്ലയിലെ ഭൂരിഭാഗം തോട്ടങ്ങളിലും തിരുവോണത്തിന് ശേഷമാണ് ചെടികള്‍ മൊട്ടിടാന്‍ തുടങ്ങിയത്. ഇതോടെ ഓണവിപണിയില്‍ വയനാട്ടില്‍ ഉത്പാദിപ്പിച്ച പൂക്കള്‍ക്ക് വലിയ തോതില്‍ ഇടം ലഭിച്ചില്ല.ഏക്കറിന് ഏകദേശം 30,000 മുതല്‍ 50,000 രൂപവരെയാണ് പല കര്‍ഷകരും പൂക്കൃഷിക്കായി ചെലവഴിച്ചത്. തൈ ഒന്നിന് അഞ്ചു രൂപ തോതില്‍ നല്‍കിയാണ് ചെണ്ടുമല്ലി തൈ വാങ്ങിയത്. മുന്‍വര്‍ഷങ്ങളില്‍ ഓണക്കാലത്ത് മികച്ച വിലയും വിപണിയും ലഭിച്ചതിന്റെ പ്രതീക്ഷയിലാണ് പലരും ഇത്തവണ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കിയത്.
സമയത്ത് പൂക്കള്‍ ലഭിക്കാതെ വന്നതോടെ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. ഓണത്തിന് മുമ്പ് പൂവിട്ട ചില തോട്ടങ്ങളിലും കാര്യമായ പൂക്കളുടെ വില്പന നടന്നില്ല. വിളവെടുത്ത പൂക്കള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കാതെ വന്നതോടെ പല കര്‍ഷകരും പൂക്കള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. വയനാട്ടിലെ വിവിധ ടൗണുകളില്‍ ഓണക്കാലത്ത് പൂക്കച്ചവടം നടത്തിയ വ്യാപാരികള്‍ക്കും ഇത്തവണ കനത്ത നഷ്ടമാണ് നേരിടേണ്ടിവന്നത്. ഓണവിപണിയെ പ്രതീക്ഷിച്ച് പൂക്കള്‍ ശേഖരിച്ച വ്യാപാരികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ പൂക്കള്‍ വിറ്റഴിക്കാനാകാതെ വന്നു.
പുറംജില്ലകളില്‍ നിന്നുള്ള പൂക്കളുടെ വരവും വിപണിയിലെ മത്സരവും പ്രാദേശിക കര്‍ഷകരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിച്ചു.ഓണവിപണി ലക്ഷ്യമിട്ട് ഉത്പാദിപ്പിക്കുന്ന പൂക്കള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി കലണ്ടര്‍, കാലാവസ്ഥാ മുന്നറിയിപ്പ്, വിപണി ഏകോപനം എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഇത്തരം നഷ്ടം കുറയ്ക്കാനാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Marigolds