കാർ ഇടിച്ചുതകർത്ത സ്കൂട്ടർ.
ചെങ്ങന്നൂർ: എംസി റോഡിൽ കല്ലിശേരിക്കു സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് നിർത്താതെ പോയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സിപിഐ തിരുവല്ല ലോക്കൽ കമ്മിറ്റി അംഗവും കെപിഎംഎസ് യൂണിയൻ അസി. സെക്രട്ടറിയുമായ ശ്രീവൽസ് തമ്പി പരിക്കുകളോടെ ചികിത്സയിലാണ്.
സെപ്റ്റംബർ 27ന് പുലർച്ചെ 12.15ഓടെ കല്ലിശേരി എച്ച്പി പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. കുറ്റൂരിൽ നടന്ന സമുദായ പരിപാടിയിൽ പങ്കെടുത്ത ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീവൽസ് തമ്പി. ചെങ്ങന്നൂർ ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് അമിതവേഗതയിലും അശ്രദ്ധമായും എത്തിയ വെള്ളനിറത്തിലുള്ള സാൻട്രോ കാർ എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശ്രീവൽസ് തമ്പിയുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്. ഇരു കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും തോളിന് പോറലേൽക്കുകയും ചെയ്തിട്ടുണ്ട്. കൈകാലുകളിലെ ഒടിവിനെ തുടർന്ന് പ്ലാസ്റ്ററിട്ടിരിക്കുകയാണ്.
അപകടമുണ്ടായിട്ടും പരി ക്കേറ്റയാളെ ആശുപത്രിയിലാക്കാനോ പ്രഥമശുശ്രൂഷ നൽകാനോ തയാറാകാതെ കാർ നിർത്തിയിടാതെ ഓടിച്ചുപോവുകയായിരുന്നു. ചെങ്ങന്നൂർ പൊലിസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), മോട്ടോർ വാഹന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എസ്ഐ രാകേഷ് പണിക്കറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്. ഇടിയുടെ ആഘാതത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ സമീപ പ്രദേശങ്ങളിലെ വർക്ഷോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെയും വാഹനത്തെയും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
Tags : NattuVishesham DistrictNews