തളിപ്പറമ്പ്: ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് കാറുകൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ദേശീയ പാതയിൽ സംഘർഷം, സംഭവത്തിൽ ഇരു കാറുകളിലും ഉണ്ടായിരുന്നവർക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നോടെ കുറ്റിക്കോലിലാണ് സംഭവം. സുഹൃത്തിനൊപ്പം നെല്ലിപ്പറമ്പിലെ കൊയിലേരിയൻ രാഹുൽ (32) ഓടിച്ച കാറാണ് നിയന്ത്രണംവിട്ട് എതിർ ദിശയിൽ നിന്ന് വരികയായിരുന്നു മറ്റൊരു കാറിലിടിച്ചത്.
രാഹുൽ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നു പറയുന്നു. ഇടിച്ച കാറിലെ യാത്രികന് പരിക്കേറ്റ വിരോധത്തിൽ എതിർദിശയിലെ കാറിൽ ഉണ്ടായിരുന്നവർ രാഹുലിനെ കൈകൊണ്ട് മുഖത്തും കഴുത്തിനും ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് രാഹുലിന്റെ പരാതി.
അതേസമയം, എതിർദിശയിലുണ്ടായിരുന്ന കാർ യാത്രികരായ ബംഗളൂരു സ്വദേശികളായ പി. ഹരീഷ് (32), ഭാര്യ മാല, മകൻ ജീവ, ഭാര്യാ സഹോദരി രമ്യ, അവരുടെ മകൾ റോജന, ബന്ധുവായ ശേഖർ, ഭാര്യ സുമ, സുമയുടെ പിതാവ് രുദ്രപ്പ എന്നിവർക്കും പരിക്കേറ്റിരുന്നു. ഇതിൽ രുദ്രപ്പയുടെ പരിക്ക് ഗുരുതരമാണെന്ന് കാണിച്ച് ഹരീഷും തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ രാഹുലിനെതിരേയും പോലീസ് കേസെടുത്തു.
Tags : Nattuvishesham Local Desk Cars collide