ആയോത്തുംചാൽ ചാണപ്പാറ കയറ്റത്തിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം.
പേരാവൂർ: കേളകം-പേരാവൂർ റോഡിൽ ആയോത്തുംചാൽ ചാണപ്പാറ കയറ്റത്തിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒന്നിന് തീപിടിച്ചു. ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കേളകം ഭാഗത്തുനിന്ന് പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പോരാവൂർ ഭാഗത്ത് നിന്ന് കൊട്ടിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. ഈ കാർ തെറ്റായ ദിശയിൽ എത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ കാറിനാണ് തീപിടിച്ചത്. പേരാവൂരിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം കുറച്ചു സമയം തടസപ്പെട്ടു.
ആയോത്തുംചാൽ ചാണപ്പാറ കയറ്റത്തിൽ അപകടങ്ങൾ പതിവാണ്. റോഡിന്റെ വീതിക്കുറവും അശ്രദ്ധമായതും അമിത വേഗതയിലുള്ള ഡ്രൈവിംഗുമാണ് അപകടങ്ങൾക്കിടയാക്കുന്നത്.
റോഡിന്റെ വീതി കുറവ് പരിഹരിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.
Tags : NattuVishesham DistrictNews