മുഖത്തല ഗവ. എല്‍പി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വഹിക്കുന്നു.
കൊല്ലം : സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. മുഖത്തല ഗവ. എല്‍പി ആന്‍ഡ് തളിര് പ്രീ പ്രൈമറി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ബജറ്റില്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് നാല് ക്ലാസ് മുറികള്‍ അടങ്ങുന്ന 569 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
കെട്ടിടം പൂര്‍ത്തിയാകുന്നമുറക്ക് സ്കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ രണ്ടാംഘട്ടത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 18 മാസമാണ് നിര്‍മാണ കാലാവധിയെങ്കിലും കഴിയുന്നത്ര വേഗത്തില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് കരാറുകാരനോട് മന്ത്രി നിര്‍ദേശിച്ചു.
തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അജിത് കുമാര്‍ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ദേവി, ജില്ലാ പഞ്ചായത്തംഗം ഫൈസല്‍ കുളപ്പാടം, തൃക്കോവില്‍വട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമ, ബ്ലോക്ക് പഞ്ചായത്തംഗം എ.എല്‍ നിസാമുoീന്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ.് ഷീല, എം. ഗംഗാദേവി, എ. അഫ്സീന, പ്രഥമാധ്യാപിക റോസമ്മ യോഹന്നാന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews