കുളത്തൂപ്പുഴയില്‍ വനം വകുപ്പ് നടത്തിയ മൂന്നാം ഘട്ട ഡ്രൈവ്.
കുളത്തൂപ്പുഴ : കുളത്തുപ്പുഴയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത് അടക്കമുള്ള വന്യ മൃഗങ്ങളെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള വനം വകുപ്പിന്റെ ആനിമല്‍ ഡ്രൈവ് മൂന്നാം ഘട്ടം പൂര്‍ത്തിയായി. കളംകുന്ന് ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിന് മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാബീവി ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
ഡ്രൈവിന് ജനകീയ പങ്കാളിത്തം കുറയുന്നതിലുള്ള ആശങ്ക സൈനബാബീവി പങ്കുവച്ചു. തുടര്‍ന്ന് അഞ്ചല്‍ ആര്‍ആര്‍ടി ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ വിഷ്ണു. എസ്. കുമാറിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സജീഷ് കുമാര്‍, ഫോറസ്റ്റ് ഓഫിസര്‍ ശ്രീകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. നിസാം, ഷബ്ന അന്‍വര്‍, സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ടോം, 16 എക്കര്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ജെറിന് ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞു ഡ്രൈവ് പൂര്‍ത്തിയാക്കി.
ഡ്രൈവ് നടന്ന പ്രദേശത്ത് ഫെന്‍സിംഗ് ഒരു കിലോമീറ്ററോളം ഓഫ് ചെയ്തത് നിരീക്ഷിച്ച ശേഷമാണ് നടപടികള്‍ ആരംഭിച്ചത്. ഒരു കാട്ടുപോത്തിനെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും നിരീക്ഷണവും പട്രോളിംഗും തുടരുമെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കുളത്തൂപ്പുഴ ടൗണിനോട് ചേര്‍ന്ന് വയോധികന് കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് 16 ഏക്കര്‍ മുതല്‍ മരുതിമൂടുവരെയുള്ള പ്രദേശങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ ആനിമല്‍ ഡ്രൈവ് സംഘടിപ്പിച്ച് വന്യ മൃഗങ്ങളെ തുരത്തിയത്. 16 ഏക്കര്‍ റസിഡന്‍സ് അസോസിയേഷന്റെ ഇടപെടലും ഡ്രൈവിന് നിര്‍ണയകമായി.
Tags : NattuVishesham DistrictNews