കായംകുളം: കായംകുളത്ത് നവജാത ശിശു മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരേ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. കറ്റാനം ഭരണിക്കാവ് ഇടയിലെ തറയിൽ അജീഷ്-അതുല്യ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനായി അതുല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു.
കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് കുഞ്ഞിനെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ, മെഡിക്കൽ കോളജിൽ എത്തുന്നതിന് മുമ്പേ കുഞ്ഞ് മരിക്കുകയായിരുന്നു.
രണ്ടു ദിവസം മുൻപ് ബ്ലീഡിംഗ് അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ അഡ്മിറ്റ് ചെയ്യാൻ തയാറായില്ലെന്നാണ് അതുല്യയുടെ ഭർത്താവ് അജീഷ് ആരോപിക്കുന്നത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Tags : Case filed against nattuvishesham local news