മുഹമ്മദ് ഫിറോസ്, മുഹമ്മദ് കൗനേൻ, സെയ്യദ് സലിം.
വെള്ളറട: റിസോര്‍ട്ട് ഉടമ ശ്യാമിനെ ആക്രമിച്ചശേഷം കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേരെ കര്‍ണാടകയിലെ സത്യമംഗലം കാട്ടില്‍നിന്ന് വെള്ളറട പൊലിസ് പിടികൂടി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
കര്‍ണാടക സ്വദേശികളായ മുഹമ്മദ് കൗനേന്‍ (40), മുഹമ്മദ് ഫിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണു പിടിയിലായത്. ഇവര്‍ കര്‍ണാടകയിലെ ചാമരാജനഗർ തക്ഖണ് പൊലിസ് സ്റ്റേഷന് പരിധിയിൽ കവര്‍ച്ച, മോഷണം, ക്വട്ടേഷന്‍, ഗുണ്ടാപ്രവര്‍ത്തനം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നു വെള്ളറട പൊലിസ് പറഞ്ഞു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ടു ഗുണ്ടാനേതാക്കള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചത്. രണ്ടു വാഹനങ്ങളിലായെത്തിയ ആക്രമി സംഘം റിസോര്‍ട്ട് ഉടമ ശ്യാമിനെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ഒരുസംഘം നെയ്യാർ ഡാം വഴി തമിഴ്നാട്ടിലേക്കു രക്ഷപ്പെട്ടു.
എന്നാൽ മറ്റൊരു സംഘത്തിനു വഴിതെറ്റുകയും വാഹനത്തിലുണ്ടായിരുന്നവർ വെള്ളറട പൊലിസിന്റെ പിടിയിലാവുകയും ചെയ്തിരുന്നു. ആദ്യം പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സത്യമംഗലം കാട്ടിൽ ഒളിച്ചു കഴിഞ്ഞിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവി പ്രശാന്തന് കാണിയുടെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാരന്‍ നായര്‍, സിവില്‍ പൊലിസുകാരായ ദീപു എസ്. കുമാര്‍, അഖിലേഷ് എസ്. വിജയന്, ധുനീഷ് എന്നിവരടങ്ങിയ സംഘമാണ് ക്വട്ടേഷൻ സംഘാംഗങ്ങളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.