ചെറുതോണി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിലും അതിന്റെ നടപടിക്രമങ്ങളിലും കെസിവൈഎം ഇടുക്കി രൂപത സമിതി അതൃപ്തി രേഖപ്പെടുത്തി. കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും നടപ്പിലാക്കാതെ സർക്കാർ രേഖയിൽ മാത്രമായി ഇത് ഒതുങ്ങിപ്പോയതായി ഇടുക്കി രൂപത പ്രസിഡന്റ് സാം സണ്ണി ആരോപിച്ചു. കമ്മീഷൻ സമർപ്പിച്ച ശിപാർശകൾ പൂർണമായും നടപ്പിലാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പുകമറ സൃഷ്ടിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സഭാ വിഭാഗങ്ങൾ ന്യായമായി ഉയർത്തിയ ആവശ്യങ്ങൾ സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല. അടുത്ത നാളുകളിൽ സംഘടിപ്പിക്കപ്പെട്ട ഒരു ചർച്ചയിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നെങ്കിലും സർക്കാർ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാർശകളെക്കുറിച്ചും നടപടികളെക്കുറിച്ചും വ്യക്തമാക്കിയില്ല. എന്തെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ അനുഭവം ക്രൈസ്തവ സമൂഹത്തിലുണ്ടായിട്ടില്ല.
റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കുകയും ഇതിനകം സ്വീകരിച്ച നടപടികളെക്കുറിച്ച് ക്രൈസ്തവ സമൂഹത്തെ വ്യക്തമായി അറിയിക്കുകയും ചെയ്യാത്തിടത്തോളം മുൻവർഷങ്ങളിൽ ആവർത്തിച്ച അവകാശവാദങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നതെന്ന് കരുതേണ്ടി വരും.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇത്തരം താത്കാലിക നീക്കങ്ങൾക്ക് ഉപരിയായി ആത്മാർഥമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയാറാകാത്ത പക്ഷം ഇടുക്കി രൂപതയിലെ യുവജനങ്ങൾ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സാം സണ്ണി അറിയിച്ചു. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട്, ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ്, അനിമേറ്റർ സിസ്റ്റർ ലിന്റാ എസ്എബിഎസ്, വൈസ് പ്രസിഡന്റുമാരായ അമിത ട്രീസ ഷാജൻ, ഡാമിൽ കെ. ഷിബു എന്നിവർ പ്രസംഗിച്ചു
Tags : nattu vishesham KCYM idukky rupatha