ചെങ്ങന്നൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമം. ചെങ്ങന്നൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ മന്ദിരം നാളെ വൈകിട്ട് 4.30ന് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
നഗരസഭയിലെ 19-ാം വാർഡിൽ ഐടിഐ ജംഗ്ഷനു സമീപം 5.23 കോടി രൂപ ചെലവഴിച്ചാണ് ഈ മനോഹരമായ മൂന്നു നില കെട്ടിടം നിർമിച്ചിരിക്കുന്നത്.
നിലവിൽ വാടകക്കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന ആശുപത്രി സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതോടെ ചെങ്ങന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും രോഗികൾക്കു മികച്ച സേവനം ലഭ്യമാകും.
15,000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന പുതിയ കെട്ടിടത്തിലെ പ്രധാന സവിശേഷതകൾ ഇവയാണ്. 23 കിടക്കകളോടുകൂടിയ അത്യാധുനിക ഐപി വിഭാഗം. മുമ്പ് പുരുഷന്മാർക്ക് കിടത്തിച്ചികിത്സാ സൗകര്യം ഉണ്ടായിരുന്നില്ല. പുതിയ മന്ദിരത്തിൽ ഇതിനായി പ്രത്യേക സൗകര്യമൊരുക്കി.
കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക പേ വാർഡുകൾ. ആയുർവേദത്തിലെ സവിശേഷ ചികിത്സാ രീതിയായ പഞ്ചകർമയ്ക്കായി പ്രത്യേകം സജ്ജീകരിച്ച മുറികൾ.
മറ്റ് സൗകര്യങ്ങൾ:
വിശാലമായ ഒപി വിഭാഗം, ഫാർമസി, ആധുനിക അടുക്കള, സ്റ്റോർ റൂമുകൾ, മൾട്ടി പർപ്പസ് ഹാൾ. മികച്ച ചികിത്സാ അനുഭവം രോഗികൾക്ക് ലഭ്യമാക്കാൻ എല്ലാ സജ്ജീകരണങ്ങളും ആശുപത്രിയിൽ ഒരുങ്ങിയതായി ആശുപത്രി അധികൃതർ പറഞ്ഞു.
Tags : nattu vishesham Chengannur now Ayurveda