പ്രതീകാത്മക ചിത്രം
കൊച്ചി: പരിശോധനകളും നടപടികളും മന്ദഗതിയിലായതോടെ ജില്ലയില്‍ ബാലവേല വ്യാപകം. വ്യാപാര സ്ഥാപന ഉടമകള്‍ ഇതരസംസ്ഥാനക്കാരയ കുട്ടികളുടെ രേഖകളില്‍ കൃത്രിമം കാട്ടിയാണ് ജോലിക്കെത്തിക്കുന്നത്. കുട്ടികളെ കൊണ്ടുവരുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെങ്കിലും ഇവര്‍ക്കു പിന്നിലുള്ളത് മലയാളി ഏജന്റുമാരാണ്.
ബാലവേല വിരുദ്ധ ദിനമായ ജൂണ്‍ 12നോടനുബന്ധിച്ച് വനിതാ ശിശു സംരക്ഷണ വകുപ്പ് പരിശോധനകള്‍ നടത്താറുണ്ട്. ഈ സമയം കുട്ടികളെ ഒഴിവാക്കുകയും പിന്നീട് നിയോഗിക്കുകയുമാണ് തൊഴിലുടമകള്‍ ചെയ്യുന്നത്.
പരിശോധനകള്‍ നിരന്തരം നടത്തുന്നതിന് ശിശു സംരക്ഷണ വകുപ്പ് തയാറാകാത്തതാണ് ജില്ലയിൽ ബാലവേല പെരുകുന്നതിന് കാരണമാകുന്നതെന്ന ആക്ഷേപവും ശക്തമാണ്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലാണ് ഇത്തരത്തില്‍ ബാലവേല അധികവും. കുട്ടികള്‍ക്ക് പ്രതിഫലമാകട്ടെ മണിക്കൂറിന് 50 രൂപ മാത്രം.
ജില്ലയില്‍ ബാലവേല കൂടുതലുള്ള 30 കേന്ദ്രങ്ങളാണ് കഴിഞ്ഞവര്‍ഷം കണ്ടെത്തിയത്. ഇവിടങ്ങളില്‍ പണിയെടുക്കുന്നത് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ്. കടകള്‍, പ്ലൈവുഡ് ഫാക്ടറികള്‍, ഹോട്ടലുകള്‍, വര്ക്ഷോപ്പുകള് എന്നിവിടങ്ങളിലാണ് കുട്ടികളെ പണിയെടുപ്പിക്കുന്നത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളില്‍ എത്തിക്കുന്ന കുട്ടികള്‍ ജോലി ചെയ്യുന്നത് 10 മുതല്‍ 12 മണിക്കൂര്‍ വരെയാണ്. പെരുമ്പാവൂരിലെ ഫാക്ടറികളിലേക്ക് ഉത്തരേന്ത്യയില്‍നിന്ന് കുട്ടികളെ കൊണ്ടുവരുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്.
2022ല്‍ ഇങ്ങനെ കൊണ്ടുവന്ന് ജോലി ചെയ്യിച്ചിരുന്ന എട്ടുകുട്ടികളെ സംസ്ഥാന തൊഴില്‍ വകുപ്പ് പെരുമ്പാവൂരിലെ രായമംഗലം, പുല്ലുവഴി, കീഴില്ലം തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികളില്‍നിന്ന് കണ്ടെത്തിയിരുന്നു.
2023ല്‍ വാഴക്കുളത്തുള്ള ഒരു പ്ലൈവുഡ് കമ്പനിയില്‍നിന്ന് 10 കുട്ടികളെയാണ് മോചിപ്പിച്ചത്. ബാലവേലയെ കുറിച്ച് വിവരം നല്‍കുന്നതിനായി ജില്ലയില്‍ 0484 2609177 എന്ന നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും നമ്പര്‍ നിലവിലില്ലെന്നാണ് വിളിച്ചാല്‍ ലഭിക്കുന്ന മറുപടി. ബീഹാറില്‍ നിന്ന് ബാലവേലയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തെത്തിച്ച ഒമ്പത് കുട്ടികളെ റെയില്‍വേ സുരക്ഷാ സേനയും ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശികളായ സുനില്‍ മണ്ഡല് (22), ഡബ്ല്യു നാഥ് (25) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Child labour