സിനി ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാന്‍ നിര്‍മിച്ച സേതുമാധവന്റെ (മോഹൻലാൽ) യും ദേവി (പാർവതി) യുടെയും പ്രതിമകൾ.
നേമം: മോഹന്‍ലാലിന്റെയും പാര്‍വതിയുടെയും പ്രതിമകള്‍ മുറിക്കുള്ളില്‍ പൊടിപിടിച്ച് കിടക്കാൻ തുടങ്ങിയിട്ടു മാസങ്ങൾ... വെള്ളായണിയിലെ സിനി ടൂറിസം പദ്ധതിഎങ്ങുമെത്തിയില്ലെന്ന് ആക്ഷേപം.
നിർമാണം തുടങ്ങി രണ്ടുവര്‍ഷമായിട്ടും പദ്ധതി പാതി വഴിയില്‍ കിടക്കുകയാണ്. കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണിയിലെ കിരീടം പാലവും പരിസരവുമാണ് സിനി ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പ് തെരഞ്ഞെടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി തുടങ്ങിയത്.
കിരീടം സിനിമയിലെ നാസറിന്റെ ചായക്കടയെ ഓര്‍മപ്പെടുത്തി 'നാസര്‍ കഫേ' എന്ന പേരില്‍ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചായക്കട, വെള്ളായണി കായല്‍ കാഴ്ചകള്‍ ആസ്വാദിക്കുന്നതിന് സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം, വിശ്രമ കൂടാരങ്ങള്‍, സിനിമകളിലെ കഥാപാത്രങ്ങളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്.
ഇതില്‍ ചായക്കട, ഇരിപ്പിടങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയായെങ്കിലും ഇവയെല്ലാം കാടും പടര്‍പ്പും കയറിയും നശിച്ചുകൊണ്ടിരിക്കുകയാണ്. പാലത്തിനോടു ചേര്‍ന്നു സ്ഥാപിക്കാന്‍ തയാറാക്കിയതായതാണു കിരീടം സിനിമയിലെ കഥാപാത്രങ്ങളായ സേതുമാധവന്റെയും ദേവിയുടെ പ്രതിമകൾ. നിര്‍മാണ പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം സ്ഥാപിക്കാനായി എത്തിച്ച പ്രതിമകൾ മറ്റൊരു കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി ഇരുമ്പില്‍ നിർമിച്ചിരിക്കുന്ന മേശകളും ബഞ്ചുകളും നാശത്തിന്റെ വക്കിലാണ്.
കിരീടം പാലവും വെള്ളായണി കായലും കാണാനായി നിരവധി സന്ദര്‍ശകരാണ് ദിവസവും ഇവിടെയെത്തുന്നത്. സിനി ടൂറിസത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി വെള്ളായണി മാറും.
Tags : District News Nattuvishesham Cine-tourism project Vellayani