സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
കോലഴി: പഞ്ചായത്ത് പ്രസിഡന്റും യുഡിഎഫ് വടക്കാഞ്ചേരി മണ്ഡലം ചെയർമാനുമായ എൻ.എ. സാബുവിന് മർദനം. ഓഫീസിൽ അതിക്രമിച്ചുകയറി കയറി ഇരുമ്പുവടികൊണ്ട് അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തുവെന്നാരോപിച്ച് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വികാസിനെതിരേ പരാതി നൽകി. പരിക്കേറ്റ സാബുവിനെ തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻ ഭരണസമിതിയുടെ തിരിമറികൾ യുഡിഎഫ് ഭരണസമിതി കണ്ടെത്തിയതോടെ അരിശംപൂണ്ട സിപിഎം പ്രവർത്തകർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്നെ വേട്ടയാടുകയാണെന്നും തന്റെ കുടുംബത്തിലുണ്ടായ വഴക്ക് രാഷ്ട്രീയവത്കരിച്ച് തനിക്കെതിരേ പ്രതിഷേധമുയർത്തുകയാണെന്നും ആരോപിച്ച് കഴിഞ്ഞദിവസം സാബു പത്രസമ്മേളനം നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് മർദനമെന്നാണ് ആരോപണം. എന്നാൽ പ്രസിഡന്റിനെതിരേ കുടുംബവും ബന്ധുവും നടത്തുന്ന പ്രതിഷേധത്തിന്റെ ബാനർ സാബു വലിച്ചുകീറിയത് ചോദ്യംചെയ്യുകമാത്രമാണ് ചെയ്തതെന്നാണ് സിപിഎം പറയുന്നത്. സാബുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
നടപടിവേണം
കോലഴി: എൻ.എ. സാബുവിനു നേരേയുണ്ടായ ആക്രമണത്തിൽ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് തോമസ് ആളൂര്‍ അധ്യക്ഷത വഹിച്ചു.
സിപിഎം അക്രമം
കാടത്തം:
അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: കോലഴി പഞ്ചായത്ത് പ്രസിഡന്റിനെതിരായ സിപിഎം അക്രമം കാടത്തമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വടക്കാഞ്ചേരി എംഎൽഎയുടെ ഒത്താശയോടെയാണു പ്രസിഡന്റ് എൻ.എ. സാബുവിനെ മർദിച്ചത്. സിപിഎം ലോക്കൽ സെക്രട്ടറി വികാസ് രാജ് കോലഴി പഞ്ചായത്ത് ഓഫീസിൽ കയറിയാണു മർദിച്ചത്. കഴിഞ്ഞദിവസം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള വനിതാ അംഗങ്ങൾക്കു നേരേയും അതിക്രമം നടത്തി. സാബുവിനെ മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാർക്കെതിരേ കർക്കശ നടപടിശയടുക്കണമെന്നും ടാജറ്റ് ആവശ്യപ്പെട്ടു.