വൈക്കം: കെഎസ്ആർടിസി ബസ് മറി കടക്കുന്നതിനിടയിൽ സ്കൂട്ടർ അപകടപ്പെടുന്ന സ്ഥിതിയുണ്ടായെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ചതായി പരാതി. ആലപ്പുഴ - എറണാകുളമായി സർവീസ് നടത്തുന്ന ആലപ്പുഴ ഡിപ്പോയിലെ ബസ് ഡ്രൈവർ മനോജിനാണ് ബസിനുള്ളിൽ മർദ്ദനമേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ എറണാകുളത്ത് നിന്ന് വൈക്കത്തേക്ക് വരുന്ന ബസ് നാനാടത്ത് എത്തിയപ്പോൾ സ്കൂട്ടർ യാത്രക്കാരനെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ അപകടത്തിൽ പെടാൻ സാധ്യതയുണ്ടായിയെന്ന് ആരോപിച്ച് ബസ് തടഞ്ഞു സ്കൂട്ടർ യാത്രികൻ മർദിച്ചത് .മകൾക്ക് ഒപ്പം സ്കൂട്ടറിൽ വൈക്കം ഭാഗത്തേക്ക് വരികയായിരുന്ന യുവാവാണ് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്കൂട്ടർ കുറുകെയിട്ട് ബസ് തടഞ്ഞത്.
ഡ്രൈവറുടെ വാതിലിന് സമീപം എത്തി അസഭ്യം പറഞ്ഞശേഷം ബസിനുള്ളിൽ കയറി ഡ്രൈവറെ അടിക്കുകയായിരുന്നുവെന്ന് കെ എസ് ആർ ടി സി ഡ്രൈവർ ആരോപിച്ചു.
ബസ് റോഡിലിട്ട് ട്രിപ്പ് മതിയാക്കി ഡ്രൈവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
Tags : Complaint filed alleging assault